കാഞ്ഞിരപ്പള്ളി: മലയാള സിനിമയ്ക്ക് കാഞ്ഞിരപ്പള്ളി സമ്മാനിച്ച പ്രതിഭാധനനായിരുന്നു തമ്പി കണ്ണന്താനം. കാഞ്ഞിരപ്പള്ളി പാറത്തോട് മുക്കാലി ഗ്രാമത്തില്‍നിന്നും സൂപ്പര്‍ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയര്‍ന്ന തമ്പി കണ്ണന്താനം എന്ന ജോസഫ് തോമസ്.
തമ്പി സംവിധാനം ചെയ്ത രാജാവിന്റെ മകന്, ഭൂമിയിലെ രാജാക്കന്മാര് എന്നീ സൂപ്പര്‍ ഹിറ്റുകള്‍ മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പൊന്‍കുന്നത്തും തിയറ്ററുകളില്‍ ഓടുന്ന കാലത്ത് നാട്ടുകാരുടെ സ്വീകരണം ഏറ്റുവാങ്ങാന്‍ എത്തിയത് നാട്ടുകാരുടെ ഓര്‍മയില്‍നിന്നു മാഞ്ഞിട്ടില്ല.
കൊച്ചിയിലും ചെന്നൈയിലും താമസമാക്കിയപ്പോഴും പാറത്തോട്ടിലെ കുടുംബ വീട്ടിലെത്തി നാട്ടുകാരോടും അയല്‍വാസികളോടും സൗഹൃദം സൂക്ഷിച്ചുപോന്ന തമ്പിയെക്കുറിച്ച് നാടിന് എന്നും അഭിമാനം. രോഗബാധിതനായശേഷവും നാലു മാസം മുമ്പ് ബന്ധുക്കളെ കാണാന്‍ ഇടക്കുന്നത്ത് എത്തിയിരുന്നു.
അറിയപ്പെടുന്ന പ്ലാന്റര്‍ കെ.ടി. തോമസ് കണ്ണന്താനം എന്ന ബേബിയുടെ മകനായ തമ്പി തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലാണ് വളര്‍ന്നത്. ഏന്തയാറില്‍ പിതാവിന് തോട്ടമുണ്ടായിരുന്നതിനാല് അവിടെ ഒളയനാട് സ്കൂളിലായിരുന്നു പ്രാഥമിക പഠനം. തുടര്‍ന്ന് കോട്ടയം എംഡി സെമിനാരിയില്‍നിന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലായിരുന്നു പ്രീ ഡിഗ്രി.
അടുത്ത ബന്ധുവും ഫിലിം ഡിസ്ട്രിബ്യൂട്ടറുമായിരുന്ന കോട്ടയം സ്വദേശി ബിന്നി സിബിയോടൊപ്പമാണ് തമ്പി സിനിമാ രംഗത്തെത്തുന്നത്. പ്രമുഖ സംവിധായകനായിരുന്ന ശശികുമാറുമായുണ്ടായ പരിചയമാണ് സംവിധാന രംഗത്തേക്കുള്ള വഴി തുറന്നത്. ശശികുമാറിനു കീഴില്‍ സഹ സംവിധായകനായി ഏഴ് സിനിമകള്‍ ചെയ്തു.
സംവിധായകനെന്ന നിലയില്‍ തമ്പി കണ്ണന്താനം പേരെടുത്ത താവളം സിനിമ കുട്ടിക്കാനത്തും സമീപ പ്രദേശങ്ങളിലുമാണ് ചിത്രീകരിച്ചത്. ഈ സിനിമയില്‍ ശങ്കരാടിയും മോഹന്‍ലാലും ചെറിയ വില്ലന്‍ വേഷവും ചെയ്തിരുന്നു. മമ്മൂട്ടിയെ നായകനാക്കി ആ നേരം അൽപ്പദൂരവും സംവിധാനം ചെയ്തു. രാജാവിന്റെ മകന്, ഇന്ദ്രജാലം, നാടോടി, വഴിയോരക്കാഴ്ചകള്‍ ഭൂമിയിലെ രാജാക്കന്മാര് തുടങ്ങിയ സിനിമകളിലൂടെ മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാറാക്കിയത് തമ്പി കണ്ണന്താനമാണ്.
മുണ്ടക്കയത്തിന്റെ അഭിമാനമായ തിലകനും പൊന്കുന്നത്തിന്റെ യശസുയര്‍ത്തിയ ബാബു ആന്റണിക്കും നല്ല വേഷങ്ങള്‍ വിവിധ പടങ്ങളില്‍ നല്കി. ബാബു ആന്റണിക്കും സുരേഷ് ഗോപിക്കും നാടോടിയില്‍ നല്ല വേഷങ്ങങ്ങളായിരുന്നു. എന്‍.എന്‍. പിള്ളയും ഈ സിനിമയില്‍ അഭിനയിച്ചു.
രാജന് പി. ദേവിന് ഇന്ദ്രജാലത്തില്‍ വില്ലന്‍ വേഷം നല്കി. മോഹന്‍ലാലിന്റെ മകന് പ്രണവിനെ മോഹന്‍ലാലിനൊപ്പം ഒന്നാമന് എന്ന ചിത്രത്തില്‍ അഭിനയിപ്പിച്ച് അരങ്ങേറ്റം കുറിച്ചു. സംവിധാനവും നിര്‍മാണവും നിർത്തി തമ്പി പിന്നീട് ഫിലിം വിതരണ കമ്പനി തുടങ്ങി. രാജാവിന്റെ മകന് സിനിമയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യണമെന്ന് ആഗ്രഹം ബാക്കി നില്‍ക്കെയാണ് ഇദ്ദേഹം കാലയവനികയില്‍ മറയുന്നത്.