ഗുരുവായൂർ: തന്പുരാൻ പടിയിൽ പ്രവാസി സ്വർണ്ണ വ്യാപാരിയുടെ വീട്ടിൽ നിന്ന് 2.67 കിലോ സ്വർണവും രണ്ടു ലക്ഷം രൂപയും കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു.
സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളുമായി സാമ്യമുള്ള മോഷ്ടാക്കളുടെ ലിസ്റ്റ് തയ്യാറാക്കിയാണ് അന്വേഷണം നടക്കുന്നത്.
വിവിധ ജില്ലകളിൽ സമാനമായ രീതിയിൽ നടന്ന മോഷണങ്ങളുടെ ചുവട് പിടിച്ച് മറ്റു ജില്ലകളിലും അന്വേഷണം നടക്കുന്നുണ്ട്.
വീട്ടുടമസ്ഥനുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്യുന്നതിനൊപ്പം ഇവരുടെയെല്ലാം ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അലമാരയിൽ സ്വർണകട്ടികൾ സൂക്ഷിച്ചിരുന്ന വിവരം വീട്ടുടമസ്ഥനായ ബാലനും ഭാര്യക്കും മാത്രമേ അറിയുവെന്നാണ് ബാലൻ പോലീസിനെ അറിയിച്ചത്.
എന്നാൽ മോഷ്ടാവ് കൃത്യമായി സ്വർണ്ണം സൂക്ഷിച്ചിരുന്ന അലമാര മാത്രം പൊളിച്ച് കവർന്നത് ആശയകുഴപ്പമുണ്ടാക്കുന്നുണ്ട്.
വ്യാഴാഴ്ച രാത്രിയിൽ ചുരുങ്ങിയ സമയം കൊണ്ട് വാതിൽ പൊളിച്ച് അകത്തു കടന്ന് ഇരുന്പ് അലമാരയും ലോക്കറും കുത്തി തുറന്നാണ് കവർച്ച നടത്തിയത്.
പ്രൊഫഷണലായ ഒരു മോഷ്ടാവിന് ആസൂത്രിതമായി മാത്രം നടത്താൻ കഴിയുന്ന ഒരു മോഷണത്തിന്റെ രീതിയിലാണ് മോഷണം നടന്നത് എന്ന രീതിയിലാണ് പോലീസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്.
മൂന്ന് ടീമുകളായി ഉൗർജിതമായാണ് അന്വേഷണം നടക്കുന്നത്.