വടകര: പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പ്രകൃതി സൗഹൃദവീടുകൾക്കായി തണൽ വടകരയുടെ ഇടപെടൽ. വീടെന്ന സ്വപ്നം യാഥാർഥ്യമാകാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്പോൾ വെറും 15 ദിവസം കൊണ്ട് പൂർത്തിയാക്കാവുന്ന പ്രകൃതി സൗഹൃദ വീടുകളാണ് നിംഫ്ര വടകരയുമായി സഹകരിച്ച് തണൽ നിർമിക്കുന്നത്.
ആലംബഹീനർക്ക് അത്താണിയായി റിഹാബിലിറ്റേഷൻ സെന്റർ നടത്തിവരുന്ന തണലിന്റെ മറ്റൊരു നാഴിക്കല്ലായി പ്രകൃതി സൗഹൃദ ഭവനങ്ങൾ മാറുകയാണ്.പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കുന്നതിന്റെ ഭാഗമായാണ് പ്രകൃതിക്ക് ഇണങ്ങുന്ന വീട് നിർമാണത്തെ കുറിച്ച് തണൽ ആലോചിക്കുന്നത്.
ഭൂപ്രകൃതിക്ക് അനുകൂലമായും അപകടഭീഷണി കുറഞ്ഞതുമായ ഇത്തരം വീടുകൾക്ക് നാലു ലക്ഷം രൂപയാണ് ചെലവ്. വെള്ളം കയറിയാലും പരിക്കേൽക്കാത്ത ഭിത്തികളും മേൽക്കൂരയും തറനിരപ്പിൽ നിന്ന് ഉയർത്തിയുള്ള നിർമാണ രീതിയും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. രണ്ടു കിടപ്പുമുറികളുള്ള ഇത്തരം 300 വീടുകൾ ഇടുക്കി, വയനാട്, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ നിർമിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് തണൽ ചെയർമാൻ ഡോ.ഇദ്രീസ് പറഞ്ഞു.
അടക്കാതെരുവിലെ നിംഫ്ര ആർക്കിടെക്ട്സ് ആണ് വീടുകളുടെ രൂപകൽപനയും നിർമാണവും ഏറ്റെടുത്തിരിക്കുന്നത്. ആധുനിക നിർമാണ രീതിയുടെ സഹായത്താൽ വികസിപ്പിച്ച വസ്തുക്കളായ വി പാനൽ, വി ബോർഡ് എന്നിവ ഉപയോഗിച്ചാണ് നിർമാണം. ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അംഗീകരിച്ചവയാണിവ. ഭൂചലനമുണ്ടായാൽ ഇടിഞ്ഞു വീഴില്ല.
കാലമേറെ കഴിഞ്ഞാലും ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് മാറ്റാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.
പ്രകൃതി സൗഹൃദ മാതൃകാ വീടിന്റെ സമർപണം വടകരയിൽ സി.കെ.നാണു എംഎൽഎ നിർവഹിച്ചു. കുറഞ്ഞ ചെലവിൽ നിർമിക്കുന്ന ഇത്തരം വീടുകൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് സി.കെ.നാണു അഭിപ്രായപ്പെട്ടു. മുനിസിപ്പൽ ചെയർമാൻ കെ. ശ്രീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തണൽ സെക്രട്ടറി ടി.ഐ. നാസർ സ്വാഗതം പറഞ്ഞു.