കോട്ടയം : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വനം വകുപ്പ്, ഹരിതകേരള മിഷൻ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിൽ അഞ്ച് ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന തണലോരം പദ്ധതിക്ക് നാളെ തുടക്കമാവും.
പൊതു സ്ഥാപനങ്ങളുടെ കോന്പൗണ്ടുകൾ, വിദ്യാഭ്യാസ സ്ഥാപന കോന്പൗണ്ടുകൾ, നദികളുടെയും തോടുകളുടെയും തീരങ്ങൾ എന്നിവിടങ്ങൾ ഉൾപ്പെടെ സ്ഥലലഭ്യതയുളള പൊതു ഇടങ്ങളിലായി തേക്ക്, ഈട്ടി, ആഞ്ഞിലി, കന്പകം തുടങ്ങിയ വൃക്ഷങ്ങളും
ഫലദായകങ്ങളായ പ്ലാവ്, മാവ്, റന്പൂട്ടാൻ, പേര, നെല്ലി, നാരകം, ഞാവൽ എന്നിവയും ഒൗഷധസസ്യങ്ങളായ ആര്യവേപ്പ്, രക്തചന്ദനം, മണിമരുത്, ലക്ഷ്മിതരു, ബദാം, രാമച്ചം, കണിക്കൊന്ന തുടങ്ങി യുൾപ്പെടെ 40 ഇനം തൈകളും കൂടാതെ കണ്ടൽ ഇനത്തിൽപ്പെട്ട തൈകളും ഉൾപ്പെടെ അഞ്ചു ലക്ഷം തൈകൾ ജില്ലയൊട്ടാകെ വച്ചുപിടിപ്പിക്കുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഇതിൽ നാല് ലക്ഷത്തോളം തൈകൾ ഇതിനോടകം സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ജില്ലാ നഴ്സറികളായ വൈക്കം, ഇടയാഴം, തോട്ടുവക്കം, കനകപ്പലം, പനക്കച്ചിറ, മുത്തേടത്ത്കാവ് എന്നീ നഴ്സറികളിൽ നിന്നു വിതരണം ചെയ്തുകഴിഞ്ഞു.
അവശേഷിക്കുന്ന വൃക്ഷത്തൈകളും ഏതാനും ദിവസങ്ങൾക്കുളളിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, സഹകരണസ്ഥാപനങ്ങൾ, സാമൂഹിക – സന്നദ്ധ സംഘടനകൾ, പ്രസ്ഥാനങ്ങൾ ഇവരുടെ സഹകരണത്തോടെ, വിതരണം ചെയ്യും.
വൃക്ഷത്തൈകൾ നടുന്നതും തുടർന്ന് അഞ്ചു വർഷത്തേയ്ക്ക് പരിപാലിക്കുന്നതും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.
തണലോരം പദ്ധതിയുടെയും പരിസ്ഥിതി ദിനാചരണത്തിന്റെയും ഉദ്ഘാടനം നാളെ രാവിലെ 10.30നു കോട്ടയം മുൻസിപ്പൽ പാർക്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിക്കും.
മുൻസിപ്പൽ ചെയർപേഴ്സണ് ഡോ. പി.ആർ. സോന പരിസ്ഥിതി ദിന സന്ദേശം നൽകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ മുഖ്യപ്രഭാഷണം നടത്തും.