വടകര: അഴിയൂർ ചുങ്കത്ത് അഞ്ചു വർഷമായി തെരുവിനൊപ്പം കഴിഞ്ഞ അന്പതുകാരനെ തണൽ അഭയകേന്ദ്രത്തിനു കൈമാറി. അഴിയൂർ ചുങ്കത്തെ ബസ് വെയിറ്റിംഗ് ഷെൽട്ടറിലും മറ്റുമായി സ്ഥിര സാന്നിധ്യമായിരുന്നു ഇയാൾ. നാടിനോട് ഇഴുകി ചേർന്ന ശാന്ത ചിത്തനായ ഈ മധ്യവയ്സകൻ എപ്പോഴും മൗനിയായിട്ടായിരുന്നു കാണപ്പെട്ടിരുന്നത്.
പരിസരത്തെ ഹോട്ടലുകളിൽ നിന്നും നൽകുന്ന ഭക്ഷണം കഴിച്ചായിരുന്നു ജീവിതം. നാട് എവിടെയെന്ന് അറിയാത്ത ഇയാളെ അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. അയൂബ് മുൻകൈയ്യെടുത്താണ് തണൽ അധികൃതരുമായി സംസാരിച്ച് അവിടേക്കയക്കാൻ തീരുമാനിച്ചത്.
മുഷിഞ്ഞ വസ്ത്രം ധരിച്ച് താടിയും മുടിയും നീട്ടി നടന്നിരുന്ന ഇയാളെ കുളിപ്പിച്ച് പുത്തൻ വസ്ത്രങ്ങൾ ധരിപ്പിച്ചായിരുന്നു നാട്ടുകാരുടെ യാത്രയയപ്പ്. തണൽ കോ-ഓർഡിനേറ്റർ കെ.കെ.പി.ഫൈസൽ, പി.കാസിം, സലാം എന്നിവർ ഇയാളെ തണലിൽ എത്തിക്കുന്നതിന് നേതൃത്വം നൽകി.