മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് കാന്പസിൽ കഴിഞ്ഞ അഞ്ചു വർഷമായി നിർമാണം പൂർത്തീകരിച്ച് വെറുതെ കിടക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രവും ആക്രി സാധനങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന ഇടവുമായി മാറി.
മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചിലവഴിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്.
എന്നാൽ ഇതു വരെ തുറന്ന് പ്രവർത്തിപ്പിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ഭിക്ഷക്കാർക്കും സാമൂഹ്യ വിരുദ്ധർക്കും അന്തിയുറങ്ങാനുള്ള ഇടമായി ഇത് മാറി.
ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തുന്ന ചിലർ ശേഖരിച്ച് കൊണ്ടു വരുന്ന സാധനങ്ങൾ സൂക്ഷിച്ച് വയ്ക്കാനാണ് കാത്തിരിപ്പ് കേന്ദ്രം ഉപയോഗിക്കുന്നത്.
ഇലക്ട്രിക്കൽ വയറുകളിൽ നിന്നും ചെന്പുകന്പി ശേഖരിക്കാനും പ്ലാസ്റ്റിക് വസ്തുക്കൾ ഉരുക്കിയിടാനും ചാക്കുകളിൽ ആക്കിയ ആക്രി സാധനങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതും ഇവിടെ പതിവ് കാഴ്ചയാണ്.
തീ അധികമാകുന്പോൾ വഴിയാത്രക്കാർ എത്തിയാണ് തീയണയക്കുന്നത്.
വൈഫൈ സൗകര്യം അടക്കമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ പല സാധനങ്ങളും മോഷ്ടാക്കൾ കടത്തി കൊണ്ട് പോയിട്ടുണ്ട്. കോളജ് കാന്പസിൽ അനാഥമായി കിടക്കുന്ന മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് ഉള്ളത്.
ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച ഇവ ഇതു വരെ പൊതു ജനങ്ങൾക്ക് ഉപകാരപ്രദമാക്കിയിട്ടില്ല. ഈ ഭാഗത്തേക്ക് ബസ് റൂട്ട് ക്രമീകരിക്കാൻ എടുത്ത തീരുമാനവും നടപ്പിലാക്കിയിട്ടില്ല.