തിരുവനന്തപുരം: രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് സംസ്ഥാനത്ത് തടങ്കൽപാളയങ്ങൾ നിർമ്മിക്കാൻ സാമൂഹ്യനീതി വകുപ്പിന് നിർദേശം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്ത് സെൻസസ് സെൻസസായി നടത്തും. എൻപിആർ നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
താൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ തടങ്കൽ പാളയങ്ങൾ നിർമ്മിക്കാൻ നിർദേശിച്ചത് വിസ, പാസ്പോർട്ട് എന്നിവയുടെ കാലാവധി കഴിഞ്ഞ വിദേശികളെ പാർപ്പിക്കാനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് മറുപടിയായി നിയമസഭയെ അറിയിച്ചു.
അന്നത്തെ സാഹചര്യമല്ല ഇന്ന് തടങ്കൽ പാളയങ്ങൾ നിർമ്മിക്കുന്നതിന് പിന്നിലെന്നും ചെന്നിത്തല സഭയിൽ പറഞ്ഞു. ആശങ്കകളും ആശയകുഴപ്പവും പരിഹരിച്ച ശേഷം മാത്രമെ സെൻസസ് നടത്താവുവെന്നും ചെന്നിത്തല പറഞ്ഞു.