ചാത്തന്നൂർ: തൃക്കോവിൽവട്ടം പുതുച്ചിറ പെരുങ്കുളം ഏലായിൽ ഏലാ തോടിന് സമീപം കത്തി കരിഞ്ഞ് മരിച്ച നിലയിൽ കണ്ട കൊറ്റങ്കര സ്വദേശി തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്. ഇയാൾ ഏലായിലേക്ക് നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
ചൊവ്വാഴ്ച രാത്രി ഒന്പതിനുശേഷം കൈയിൽ തൂക്കിയ പ്ലാസ്റ്റിക് കവറും കന്നാസുമായി ഏലായുടെ ഉൾഭാഗത്തേക്ക് നടന്നു പോകുന്ന ദൃശ്യങ്ങളും, തീ പടരുന്ന ദൃശ്യങ്ങളുമാണ് സമീപത്തെ നിരീക്ഷണ കാമറയിൽ നിന്നും പൊലീസിന് ലഭിച്ചത്. ഈ ദൃശ്യങ്ങൾ മരണമടഞ്ഞ തങ്ങൾ കുഞ്ഞിന്റെ മകനെ കാണിക്കുകയും ദൃശ്യങ്ങൾ പിതാവിന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു.
ബുധനാഴ്ച രാവിലെയാണ് കൊറ്റങ്കര പേരൂർ അംബേദ്കകർ കോളനിക്ക് സമീപം കല്ലുവിള പുത്തൻ വീട്ടിൽ തങ്ങൾ കുഞ്ഞിനെ (57) എലായ്ക്ക് സമീപം കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കാണപ്പെട്ടത്.
മരിക്കുന്നതിന് മുൻപ് ഇയാൾ ചില ബന്ധുവീടുകളിലെത്തി യാത്ര പറഞ്ഞ് പോയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതു കൊണ്ട് ആത്മഹത്യ ചെയ്യുന്നതിനുള്ള സാധ്യതകളും പോലീസ് തള്ളിക്കളയുന്നില്ല. വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. കണ്ണിന് കാഴ്ച കുറവുണ്ടായതിനെ തുടർന്ന് ഇയാൾ ഒരു ആശുപത്രിയിൽ ചികിൽസ നടത്തിയതായുള്ള രേഖകൾ പോലീസിന് ലഭിച്ചു.
ആശുപത്രിയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ ഇയാൾ ക്യാൻസർ ബാധിതനായിരുന്ന നായി വിവരം ലഭിച്ചിട്ടുണ്ട്. രോഗബാധയാകാം ഇയാളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുനത്. മൃതദേഹപരിശോധന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തി.
പെട്രോൽ ഒഴിച്ച് തീകൊളുത്തിയതായാണ് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയത്.സാഹചര്യ തെളിവുകളിൽ ഇതൊരു കൊലപാതകമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടതിന് സമീപം വെള്ളം നിറഞ്ഞൊഴുകുന്ന ആറുണ്ട്. ആത്മഹത്യയാണെങ്കിൽ പോലും തീ ആളിപടരുന്നതോടെ വെള്ളത്തിൽ ചാടാൻ സ്വാഭാവികമായ ശ്രമുണ്ടാകും.
മൃതദേഹത്തിന്റെ കിടപ്പും പോലീസിന് സംശയങ്ങൾ ഉളവാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിനിടയിലാണ് ഇയാളുടെ സിസിടി.വി.ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.