വടക്കഞ്ചേരി: ദേശീയപാത വടക്കഞ്ചേരി തങ്കം ജംഗ്ഷനിൽ വാഹനങ്ങളുടെ നടുവൊടിക്കുന്ന ആനക്കുഴികൾ. 150 മീറ്റർ മീറ്ററിനുള്ളിൽ പതിനൊന്ന് ഭീമാകാരമായ കുഴികളാണ് ഇവിടെയുള്ളത്. കുഴികളിൽ വെള്ളംനിറഞ്ഞ സമയമാണെങ്കിൽ ആഴമറിയാതെ കുഴിയിൽ ചാടുന്ന ഭാരവാഹനങ്ങൾക്ക് പിന്നെ കരയ്ക്കു കയറാനാകില്ല.
ഇന്നലെ പകൽമാത്രം ഒരു ഡസനോളം വാഹനങ്ങൾ ഇത്തരത്തിൽ കുഴിയിൽ കുടുങ്ങി. പിന്നീട് ജെസിബിയുടെ സഹായത്തോടെയും ആളുകൾ സംഘടിച്ചു തള്ളിയുമാണ് കുഴികളിൽനിന്നും വാഹനങ്ങളെ കയറ്റുന്നത്. റോയൽ ജംഗ്ഷനിൽനിന്നും വേണൂസ് ഷോപ്പ് വരെയുള്ള ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ഇത്തരം കുഴികളുള്ളത്.
പാലക്കാട് ഭാഗത്തുനിന്നും രണ്ടുവരിയിലൂടെ എത്തുന്ന നൂറുകണക്കിനു വാഹനങ്ങൾ റോയൽ ജംഗ്ഷനിലെത്തിയാൽ പിന്നെ വീതികുറഞ്ഞ ഈ റോഡിലൂടെ വേണംപോകാൻ. വീതികുറവും ഒപ്പം കുഴിയും കൂടിയായപ്പോൾ വാഹനയാത്രക്കാർ അനുഭവിക്കുന്ന കഷ്ടപ്പാടുകളും കൂടി.
ഇവിടെനിന്നും കൊന്പഴവരെ ഒരു സൈഡ് തന്നെ മൂന്നുവരിയാണെങ്കിലും ചിലയിടങ്ങളിൽ ഭീമൻ കുഴികളുണ്ട്. ഇതെല്ലാം ചാടിക്കടന്നെത്തി വേണം കുതിരാൻ കുരുക്ക് മറികടക്കാൻ. കൊന്പഴമുതൽ വഴുക്കുംപാറയുള്ള മൂന്നു കിലോമീറ്റർ ദൂരമാണ് മറ്റൊരു മഹാകടന്പ. ഇവിടെയും കുഴികൾ തന്നെയാണ് വില്ലൻ റോളിൽ.
ഇവിടത്തെ മൂന്നു കിലോമീറ്റർ ദൂരത്തെ കുഴികൾ നല്ലനിലയിൽ അടച്ചാൽ കുതിരാൻകുരുക്ക് ഒരു പരിധിവരെ ഒഴിവാക്കാമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.എന്നാൽ കുഴികളിൽ മണ്ണും കല്ലും നിറയ്ക്കുന്ന ഓട്ടയടയ്ക്കലാണ് പ്രശ്നമാകുന്നത്. ഓട്ടയടച്ച് പോകുന്നതിനു പിന്നാലെ കുഴികൾ വാതുറന്ന് പഴയപടിയാകും.
ഈ പ്രവൃത്തികൾ ഇവിടെ നിർബാധം തുടരുകയാണ്. അഞ്ചോ ആറോ കിലോമീറ്റർ ദൂരത്തെ കുഴികളാണ് ആയിരക്കണക്കിനു വാഹനങ്ങളെ പെരുവഴിയിലാക്കുന്ന അധികൃതരുടെ നാടകം തുടരുന്നത്.