സ്വന്തം ലേഖകൻ
വിയ്യൂർ: കനത്ത മഴയിൽ പുഴയൊഴുകിയെത്തി യപ്പോൾ താണിക്കുടത്തമ്മയ്ക്ക് ആറാട്ട്. ചൊവ്വാഴ്ച വൈകീട്ടോടെതന്നെ താണിക്കുടം ഭഗവതി ക്ഷേത്രത്തിലേക്കു വെള്ളം ഒഴുകി യെത്തിയിരുന്നു.
രാത്രിയോടെ വെള്ളത്തിന്റെ ഒഴുക്ക് വർധിക്കുകയും ശ്രീകോവിലിനുള്ളിലേക്ക് വെള്ളം കയറുകയും ചെയ്തു. ക്ഷേത്രത്തിനെ ചുറ്റി ഒഴുകുന്ന താണിക്കുടം പുഴ കരകവിഞ്ഞു ക്ഷേത്രത്തിലേക്കൊഴുകി വിഗ്രഹം മൂടുന്പോഴാണ് ഇവിടെ ആറാട്ട് നടക്കുക.
എല്ലാ വർഷവും മഴക്കാലങ്ങളിൽ താണിക്കുടത്തമ്മയ്ക്ക് ആറാട്ടു പതിവാണ്. ചില വർഷങ്ങളിൽ ഒന്നിലേറെ തവണ ആറാട്ടു നടക്കാറുണ്ട്.
ഇക്കുറി ചൊവ്വാഴ്ച രാത്രി കയറിയ വെള്ളം ഇന്നലെ പുലർച്ചെയാകുന്പോഴേക്കും ഇറങ്ങിയിരുന്നു.രാവിലെ നടതുറക്കാനെത്തിയപ്പോഴാണു രാത്രി ആറാട്ടു നടന്നതായി മനസിലായത്.
രാവിലെയായപ്പോഴേക്കും വെള്ളം നല്ല പോലെ ഇറങ്ങിയിരുന്നുവെങ്കിലും ആറാട്ടു നടന്നതറിഞ്ഞ് നിരവധി ഭക്തർ താണിക്കുടത്തെത്തിയിരുന്നു.