ജനനം, വിവാഹം മറ്റ് ആഘോഷങ്ങള്‍ എന്നിവയിലെല്ലാം പൊതുവായ ഒരു ഘടകമാണ് ഭക്ഷണം. ഭക്ഷണമില്ലാത്ത ഒരാഘോഷത്തെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാന്‍ പോലുമാവില്ല. രാജ്യത്തെ സാമ്പത്തിക മേഖല അഭിവൃദ്ധി പ്രാപിച്ചതോടെ ഇന്ന് ഭക്ഷണം വാങ്ങുന്നതിന് ആര്‍ക്കും ബുദ്ധിമുട്ടുമില്ല. എന്നാല്‍ എത്ര പണം കൊടുത്താലും ഭക്ഷണം കിട്ടാനില്ലാത്ത അവസ്ഥയെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കിയാലോ. അങ്ങനെയൊരു സമയം അധികം താമസിയാതെ എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നതും. ഇവിടെയാണ് രാജ്യത്തെ പട്ടിണിയകറ്റാനായി എല്ലുമുറിയെ പണിയെടുക്കുകയൂം എന്നാല്‍ സ്വയം പട്ടിണി കിടക്കുകയും ചെയ്യുന്ന കര്‍ഷകര്‍ എന്ന വിഭാഗത്തിന്റെ വിലയറിയുന്നത്. എന്നാല്‍ ഈ കര്‍ഷകരോട് ആരെങ്കിലും എപ്പോഴെങ്കിലും ഒരു നന്ദി പറയാറുണ്ടോ. നന്ദി പറയുന്നത് പോയിട്ട് നാം കഴിക്കുന്ന ഭക്ഷണമൊക്കെ എവിടെ നിന്നാണ് വരുന്നതെന്ന് ചിന്തിക്കാന്‍ പോലുമുള്ള മനസ് ആരും കാട്ടാറില്ല.
ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ കര്‍ഷകരോട് നന്ദി പറയാന്‍ ഏവരോടും ആവശ്യപ്പെട്ടുള്ള പരസ്യ ക്യാംപെയിന്‍ ശ്രദ്ധേയമാകുന്നത്. താങ്ക് യു കിസാന്‍ ‘എന്ന ഹാഷ് ടാഗ് ടൈറ്റില്‍ ആക്കിയിട്ടുള്ള വീഡിയോ നവമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഇന്തോഫാം ട്രാക്ടേഴ്‌സ് ആണ് ഈ വേറിട്ട പരസ്യത്തിന് പിന്നില്‍. മാര്‍ച്ച് പതിനഞ്ചിന് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ലക്ഷക്കണക്കിനാളുകള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. വീഡിയോ ഹിറ്റായതോടെ കര്‍ഷകര്‍ക്കെതിരെ മുഖം തിരിക്കുന്ന സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെയും നവമാധ്യമങ്ങളിലൂടെ ആളുകള്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങിക്കഴിഞ്ഞു. കടബാധ്യതയും കൃഷിനാശവും മൂലം ആയിരക്കണക്കിനാളുകളാണ് ഓരോ വര്‍ഷവും ജീവനെടുക്കുന്നത്. ഈ വീഡിയോ വഴിയായെങ്കിലും കര്‍ഷകരുടെ മഹത്വം ബന്ധപ്പെട്ടവര്‍ തിരിച്ചറിയുമെന്നാണ് കരുതപ്പെടുന്നത്.