കോഴഞ്ചേരി: മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി ഘോഷയാത്രയായി 23 ന് രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്ര മതിലകത്തുനിന്ന് പുറപ്പെടും. 26 ന് സന്ധ്യയ്ക്ക് ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേരും. തുടര്‍ന്ന് തങ്കഅങ്കി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും.
27 നാണ് മണ്ഡല പൂജ. 23 ന് പുലര്‍ച്ചെ അഞ്ചു മുതല്‍ തങ്കഅങ്കി ദര്‍ശിക്കാനുള്ള ക്രമീകരണം ക്ഷേത്ര മതിലകത്ത് ഒരുക്കും. 26 ന് രാവിലെ ഏഴിന് പുറപ്പെടുന്ന ഘോഷയാത്ര ആദ്യ ദിവസം 28 ഓളം സ്ഥലങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി രാത്രി എട്ടിന് ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.
24 ന് രാവിലെ ഓമല്ലൂരില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര 22 സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കോന്നി, മുരിങ്ങമംഗലം ക്ഷേത്രത്തില്‍ സമാപിക്കും. 25 ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്രക്ക് 15 സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് രാത്രി 8.30 ന് റാന്നി-പെരുനാട് ശാസ്താ ക്ഷേത്രത്തില്‍ വിശ്രമിക്കും.
26 ന് രാവിലെ എട്ടിന് പെരുനാട്ടില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര ആറ് സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഉച്ചയ്ക്ക് 1.30 ന് പമ്പാഗണപതി കോവിലില്‍ വിശ്രമിക്കും.
തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ഘോഷയാത്രയായി സന്നിധാനത്തേക്ക് പുറപ്പെടും. വൈകുന്നേരം അഞ്ചിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് ശരംകുത്തിയില്‍ നിന്നും ഘോഷയാത്രയെ സന്നിധാനത്തേക്ക് ആനയിക്കും.
പതിനെട്ടാംപടിക്ക് മുകളിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു ബോർഡ് മെംബർമാർ , ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ശ്രീകോവിലില്‍ എത്തിക്കും. തുടര്‍ന്ന് ക്ഷേത്രത തന്ത്രി തങ്കഅങ്കി ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. 27 ന് ഉച്ചയ്ക്ക് ഉച്ചപൂജയുടെ മധ്യഘട്ടത്തിലാണ് മണ്ഡലപൂജ നടത്തുന്നത്.