കോടാലി: അടച്ചുറപ്പുള്ള വീട്ടിൽ സമാധാനത്തോടെ അന്തിയുറങ്ങണമെന്നുള്ള തങ്കയുടെ ആഗ്രഹം ഒടുവിൽ സഫലമായി. മറ്റത്തൂരിലെ കോണ്‍ഗ്രസ് പ്രവർത്തകരാണ് സുമനസുകളുടെ സഹായത്തോടെ ഈ വയോധികയുടെ വീട് വാസയോഗ്യമാക്കി നൽകിയത്.
മറ്റത്തൂർ പഞ്ചായത്തിലെ കോടാലിയിലാണ് തങ്ക താമസിക്കുന്നത്. ഭർത്താവ് ചെറാട്ടുപറന്പിൽ വള്ളോൻ രണ്ട് വർഷം മുന്‍പ് മരിച്ചതോടെ തങ്ക തനിച്ചായി.
ചുമരുകളും മേൽക്കൂരയും ഇടിഞ്ഞുവീഴാറായ അടച്ചുറപ്പില്ലാത്ത വീട്ടിൽ രോഗങ്ങളും, ഏകാന്തതയും പതിവു സന്ദർശകരായതോടെ 66 കാരിയായ തങ്കയുടെ ജീവിതം അപകടവസ്ഥായിലായി.
അയൽവാസികളും സന്നദ്ധ സംഘടനകളുമാണ് ഭക്ഷണവും മരുന്നും എത്തിച്ചു നൽകിയിരുന്നത്. ഒറ്റക്ക് താമസിക്കുന്ന ഇവരെ അഗതി മന്ദിരത്തിലേക്ക് കൊണ്ടുപോകാൻ തയാറായി സാമൂഹിക പ്രവർത്തകർ എത്തിയെങ്കിലും തങ്ക തയാറായില്ല.
ഇതോടെ ഇടിഞ്ഞു വീഴാറായി നിൽക്കുന്ന തങ്കയുടെ വീട് അടച്ചുറപ്പുള്ളതാക്കാൻ കോണ്‍ഗ്രസ് പ്രവർത്തർ രംഗത്തിറങ്ങുകയായിരുന്നു. സുമനസുകളായ പലരിൽ നിന്നായി ഇവർ സമാഹരിച്ച ഒരു ലക്ഷം രൂപയോളം ചെലവഴിച്ചാണ് തങ്കയുടെ വീട് ഇവർ പുനർനിർമിച്ചത്.
നൈജോ ആന്റോ, നൂർജഹാൻ നവാസ്, സി.എച്ച്. സാദത്ത്, ജോണ്‍ വട്ടക്കാവിൽ എന്നിവരുടെ നേതൃത്വത്തിലാണ് വീട് നവീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.
പണി പൂർത്തീകരിച്ച വീടിന്റെ താക്കോൽ കെപിസിസി ജനറൽ സെക്രട്ടറി സുനിൽ അന്തിക്കാട് തങ്കക്ക് കൈമാറി. ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി.എം. ചന്ദ്രൻ, കെ. ഗോപാലകൃഷ്ണൻ, കോണ്‍ഗ്രസ് മറ്റത്തൂർ മണ്ഡലം പ്രസിഡന്റ്് പ്രവീണ്‍ എം. കുമാർ, ലിന്റോ പള്ളിപ്പറന്പൻ, റംലത്ത് നാസർ, പി.സി. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.