ആറന്മുള: ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നാരംഭിച്ചു. ഇന്ന് രാവിലെ ഏഴിനാണ് അയ്യപ്പഭക്തരുടെ ശരണംവിളികൾകൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ ആറന്മുളയിൽ നിന്നും രഥം പുറപ്പെട്ടത്.
ആറന്മുള ക്ഷേത്രത്തിന്റെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന തങ്കഅങ്കി നേരത്തെ ദേവസ്വം അധികാരികൾ ഏറ്റുവാങ്ങി ക്ഷേത്രത്തിൽ ദർശനത്തിനു വച്ചിരുന്നു. തുടർന്ന് സായുധ പോലീസിന്റെ അകന്പടിയിൽ തങ്കഅങ്കി പുറത്തേക്ക് എഴുന്നള്ളിച്ചു ശബരിമല ക്ഷേത്ര മാതൃകയിൽ തയാറാക്കിയ രഥത്തിലേക്ക് തങ്കഅങ്കി വച്ചു.ഘോഷയാത്ര 26നു വൈകുന്നേരം ശബരിമല സന്നിധാനത്തെത്തും.
തിരുവിതാംകൂർ മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമ വർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള 450 പവൻ തൂക്കമുള്ള തങ്കഅങ്കി 1973ൽ നടയ്ക്കുവച്ചത്. തങ്കഅങ്കി രഥഘോഷയാത്ര പുറപ്പെടുന്പോൾ വൻജനാവലിയാണ് ആറന്മുളയിലുണ്ടായിരുന്നത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, മെംബർമാരായ എൻ,വിജയകുമാർ, കെ.എസ്. രവി, കമ്മീഷണർ ബി.എസ്. തിരുമേനി, മുൻ പ്രസിഡന്റ് എ. പത്മകുമാർ, ജില്ലാ പോലീസ് മേധാവി ജി. ജയദേവ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, മുൻ എംഎൽഎ മാലേത്ത് സരളാദേവി തുടങ്ങിയവർ സന്നിഹിതരായിരുന്നു. പോലീസിന്റെ പ്രത്യേക സായുധസംഘമാണ് തങ്കഅങ്കിയെ അനുഗമിക്കുന്നത്. എആർ ക്യാന്പിൽ നിന്നുള്ള സായുധസംഘമാണ് പ്രത്യേക വാഹനത്തിൽ ഘോഷയാത്രയെ അനുഗമിക്കുന്നത്.
തങ്കഅങ്കി ഘോഷയാത്ര കടന്നുപോകുന്ന വഴികൾ
വിവിധ ക്ഷേത്രങ്ങളിലും കരകളിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് തങ്കഅങ്കി ഘോഷയാത്ര ശബരിമലയിലെത്തുക. ഇന്ന് രാവിലെ ആറ·ുളയിൽ നിന്നു പുറപ്പെട്ട രഥഘോഷയാത്ര മൂർത്തിട്ട ഗണപതി ക്ഷേത്രം, പുന്നംതോട്ടം ദേവീ ക്ഷേത്രം, ചവിട്ടുകുളം മഹാദേവ ക്ഷേത്രം, തിരുവഞ്ചാംകാവ് ദേവീ ക്ഷേത്രം, നെടുന്പ്രയാർ തേവലശേരി ദേവീക്ഷേത്രം, കോഴഞ്ചേരി, പന്പാടിമണ് ശാസ്താ ക്ഷേത്രം, കാരംവേലി, ഇലന്തൂർ ഭഗവതികുന്ന്, ഗണപതി ക്ഷേത്രം, നാരായണമംഗലം, അയത്തിൽ, ഇലവുംതിട്ട മലനട, മെഴുവേലി ആനന്ദഭൂതേശ്വരം, മുട്ടത്തുകോണം, പ്രക്കാനം കൈതവന, ഇടനാട് ഭഗവതി ക്ഷേത്രം, ചീക്കനാൽ, ഉൗപ്പമണ് വഴി വൈകിട്ട് ഓമല്ലൂർ രക്തകണ്ഠ സ്വാമി മഹാക്ഷേത്രത്തിൽ വിശ്രമിക്കും.
നാളെ രാവിലെ എട്ടിന് ഓമല്ലൂർ ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട് കൊടുന്തറ, അഴൂർ, പത്തനംതിട്ട ശാസ്താ ക്ഷേത്രം, കടമ്മനിട്ട ഭഗവതി ക്ഷേത്രം, ഋഷികേശ ക്ഷേത്രം, മോക്കൊഴൂർ ക്ഷേത്രം, മൈലപ്ര, കുന്പഴ, പുളിമുക്ക്, വെട്ടൂർ മഹാവിഷ്ണു ക്ഷേത്ര ഗോപുരം, ഇളകൊള്ളൂർ, ചിറ്റൂർമുക്ക്, കോന്നി ടൗണ്‍, വഴി രാത്രിയിൽ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ രാത്രി വിശ്രമിക്കും.
മൂന്നാം ദിവസമായ 25ന് കോന്നിയിൽ നിന്നു പുറപ്പെട്ട് ചിറ്റൂർ മഹാദേവ ക്ഷേത്രം, അട്ടച്ചാക്കൽ, വെട്ടൂർ ആയിരവില്ലൻ ക്ഷേത്രം, മൈലാടുപാറ, മലയാലപ്പുഴ ദേവീ ക്ഷേത്രം, മണ്ണാരക്കുളഞ്ഞി. റാന്നി തോട്ടമണ്‍കാവ് ദേവി ക്ഷേത്രം, റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രം, ഇടക്കുളം, വടശേരിക്കര ചെറുകാവ്, മാടമണ്‍ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം രാത്രി റാന്നി – പെരുനാട് ധർമശാസ്താ ക്ഷേത്രത്തിൽ എത്തി തങ്ങും.
നാലാം ദിവസം 26ന് രാവിലെ പെരുനാട്ടിൽ നിന്നു പുറപ്പെട്ട് ളാഹ, പ്ലാപ്പള്ളി, ഇലവുങ്കൽ, നിലയ്ക്കൽ, ചാലക്കയം വഴി ഉച്ചയ്ക്ക് പന്പയിൽ എത്തും ത്രിവേണിയിൽ നിന്നു സ്വീകരിച്ച് പന്പാ ഗണപതികോവിലിൽ ദർശനത്തിനു വയ്ക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് പന്പയിൽ നിന്നു സന്നിധാനത്തേക്ക് തങ്ക അങ്കി ശിരസിലേറ്റി ഘോഷയാത്ര പുറപ്പെടും. വൈകുന്നേരം അഞ്ചിന് ശരംകുത്തിയിൽ എത്തും. അവിടെ നിന്നു സ്വീകരിച്ച് ആഘോഷമായി സന്നിധാനത്തിൽ എത്തിച്ച് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും. 27നു ശബരിമലയിൽ നടക്കുന്ന മണ്ഡലപൂജയുടെ സമയത്തും തങ്കഅങ്കി ചാർത്തും.
നിലയ്ക്കൽ – പന്പചെയിൻ സർവീസ് വരുമാനം 14 കോടി കവിഞ്ഞു
പന്പ: കെഎസ്ആർടിസി നിലയ്ക്കൽ- പന്പ ചെയിൻ സർവീസ് വരുമാനം 21 ന് വൈകുന്നേരം വരെയുള്ള കണക്കുപ്രകാരം 14,16,14,609 രൂപയാണ്. നവംബർ 15 മുതലുള്ള 28450 ചെയിൻ സർവീസുകളിൽ നിന്നാണ് ഈ വരുമാനം. കെഎസ്ആർടിസി ജൻ റം, നോണ്‍ എസി ചെയിൻ സർവീസുകൾ ഉൾപ്പെടെയുള്ള വരുമാനകണക്കാണിത്. പന്പ ഡിപ്പോയിൽ നിന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടസി നടത്തിയ സർവീസുകൾക്ക് ശനിയാഴ്ചവരെയുള്ള വരുമാനം1,95,65757 രൂപയാണ്. പന്പ ഡിപ്പോയിൽ നിന്ന് തീർഥാടകരുടെ ആവശ്യപ്രകാരം വിവിധ കേന്ദ്രങ്ങളിലേക്ക് 31 ഫാസ്റ്റ് ബസും അഞ്ച് ഡീലക്സ് ബസുമാണ് ദിവസവും സർവീസ് നടത്തുന്നത്.