ശബരിമല: 40 നാള് നീണ്ട വ്രതാനുഷ്ഠാനങ്ങള്ക്കു സമാപനം കുറിച്ച് ശബരിമല ശ്രീധര്മശാസ്താ ക്ഷേത്രത്തില് നാളെ മണ്ഡലപൂജ. മണ്ഡലപൂജയ്ക്കു ചാര്ത്തുന്നതിനായി ആറന്മുള പാര്ഥസാരഥി ക്ഷേത്രത്തില്നിന്ന് ഡിസംബര് 23ന് പുറപ്പെട്ട തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തും.
ഘോഷയാത്രയ്ക്കു പമ്പയില് സ്വീകരണം നല്കും. വിശ്രമത്തിനുശേഷം തുടരുന്ന യാത്ര വൈകുന്നേരം 5.15ന് ശരംകുത്തിയിലെത്തും. അവിടെ തങ്ക അങ്കി ഘോഷയാത്രയ്ക്കു ദേവസ്വം ബോര്ഡിന്റെ നേതൃത്വത്തില് ഔദ്യോഗിക സ്വീകരണം നല്കും.
ശരംകുത്തിയില് ആചാരപരമായ ചടങ്ങുകളോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. സന്നിധാനത്ത് ദേവസ്വം ബോര്ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില് സ്വീകരിച്ച് ശ്രീകോവിലിനു മുമ്പിലെത്തുമ്പോള് തന്ത്രിയും മേല്ശാന്തിയും ചേര്ന്ന് ഏറ്റുവാങ്ങും. തുടര്ന്ന് ശ്രീകോവിലിനുള്ളിലെത്തിച്ച് തങ്കഅങ്കി ചാര്ത്തിയുള്ള ദീപാരാധന വൈകുന്നേരം 6.30ന് ക്ഷേത്രത്തില് നടക്കും.
തിരുവിതാംകൂര് മഹാരാജാവായിരുന്ന ചിത്തിരതിരുനാള് ബാലരാമവര്മയാണ് മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പന് ചാര്ത്താന് 451 പവന് തൂക്കമുള്ള തങ്ക അങ്കി സമര്പ്പിച്ചത്. നാളെ രാവിലെ 10.30നും 11.30നും മധ്യേയാണ് മണ്ഡലപൂജ. മണ്ഡലപൂജയെ തുടര്ന്ന് രാത്രിയില് നട അടയ്ക്കും. പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ടാണ് നട തുറക്കുന്നത്. ജനുവരി 15നാണ് മകരവിളക്ക്.
ദര്ശനത്തിനു നിയന്ത്രണം
ശബരിമലയില് മണ്ഡലപൂജയോടനുബന്ധിച്ച് ഇന്ന് ഉച്ചപൂജയ്ക്കു ശേഷം നട അടച്ചാല് വൈകിട്ട് അഞ്ചിനാണു നട തുറക്കുക. സാധാരണദിവസങ്ങളില് ഉച്ചകഴിഞ്ഞ് മൂന്നിനാണ് നട തുറക്കുന്നത്. വൈകിട്ട് 5.15നാണ് തങ്ക അങ്കിക്ക് ശരംകുത്തിയില് ദേവസ്വം ബോര്ഡിന്റെ സ്വീകരണം. തുടര്ന്ന് തങ്ക അങ്കി ചാര്ത്തി ദീപാരാധന നടക്കും. രാത്രി 11നു നട അടയ്ക്കും.
നാളെ മണ്ഡലപൂജ. അതിനാല് രാവിലെ 9.45 വരെ മാത്രമാകും നെയ്യഭിഷേകം. സാധാരണദിവസങ്ങളില് 11.30 വരെയാണ് രാവിലെ നെയ്യഭിഷേകത്തിന് ഭക്തര്ക്കു സൗകര്യമൊരുക്കുന്നത്.