കട്ടപ്പന: കട്ടപ്പന അന്പലപ്പാറയിൽ കന്യാകുമാരി സ്വദേശിയെ കൊലപ്പെടുത്തിയ പ്രതി പോലീസ് പിടിയിൽ. അന്പലപ്പാറ കുടപ്പാട്ട് തങ്കച്ചൻ(55) ആണ് പിടിയിലായത്. കന്യാകുമാരി പാറശാല സ്വദേശി ഭാരതി ബാലയാണ്(67) മരിച്ചത്.
കഴിഞ്ഞ 29-ന് കുന്തളംപാറ അന്പലപ്പാറയിലായിരുന്നു സംഭവം. മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെതുടർന്ന് തങ്കച്ചൻ ഭാരതിബാലയെ കുത്തുകയായിരുന്നു. സംഭവത്തിനു രണ്ടുദിവസം മുൻപ് മകളുടെ വീടിന്റെ അറ്റകുറ്റപ്പണികൾക്കായാണ് ബാലൻ അന്പലപ്പാറയിലെത്തിയത്.
ബുധനാഴ്ച പണികൾ നടക്കുന്ന സമയത്ത് മദ്യപിച്ചെത്തിയ ഭാരതിബാലനും സമീപവാസിയായ തങ്കച്ചനും തമ്മിൽ വാക്കുതർക്കമുണ്ടായി. വാക്കുതർക്കത്തിനൊടുവിൽ തങ്കച്ചൻ ഭാരതിബാലനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു. ഭാരതിബാലന്റെ നെഞ്ചിനാണ് കുത്തേറ്റത്. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കൊലപാതകത്തിനുശേഷം ഇയാൾ ഒളിവിലായിരുന്നു. വരവുകാട് എന്ന സ്ഥലത്ത് ഏലത്തോട്ടത്തിലെ ഷെഡിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. ശനിയാഴ്ച രാവിലെ ഇയാൾ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. പുലർച്ചെ ആമയാറിൽ കട്ടപ്പന സ്വദേശി ഓട്ടോറിക്ഷ ഡ്രൈവറാണ് തങ്കച്ചനെ കണ്ടത്. വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
ഇയാളെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. നിരവധി കേസുകളിലെ പ്രതിയാണ് തങ്കച്ചൻ. ഒരുതവണ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. കൂടാതെ മരിച്ചയാളുടെ മകളെ കയറിപ്പിടിച്ചതിനും കേസുണ്ട്. കട്ടപ്പന സിഐ വി.എസ്. അനിൽകുമാർ, എസ്ഐമാരായ ടി.സി. മുരുകൻ, കെ.വി. വിശ്വനാഥൻ, സിപിഒമാരായ പി.ജെ. ഷിനോജ്, ജോഷി കെ. മാത്യു എന്നിവരാണ് പ്രതിയെ പിടികൂടിയത്.