ഒറ്റപ്പാലം: തീറ്റതേടി പറന്നെത്തുന്ന മയിലിനിപ്പോൾ തങ്കമണിയമ്മ പൊന്നമ്മയാണ്. കടന്പഴിപ്പുറം കൊല്ലിയാനിയിലാണ് മയിലിനെ പോറ്റുന്ന ഈ വീട്ടമ്മയുള്ളത്.
കാടിറങ്ങി എല്ലാ ദിവസവും വീട്ടുമുറ്റത്തെത്തുന്ന മയിലിന് ഇര നൽകി പരിപാലിക്കുന്ന ചിങ്ങത്ത് പുത്തൻ വീട്ടിൽ തങ്കമണി അമ്മ (79) ക്കിപ്പോൾ മയിലൂട്ട് നടത്തുന്നത് ദിനചര്യയുടെ ഭാഗമാണ്.
നിത്യവും രണ്ട് നേരം തങ്കമണിയമ്മ നൽകുന്ന പങ്ക് പറ്റാൻ മുടങ്ങാതെ എത്തുന്ന മയിൽ കാഴ്ച്ച കൗതുകകരമാണ്.മയിലുകൾ സാധാരണ മനുഷ്യനുമായി അടുക്കുക പതിവില്ല. മറ്റ് പക്ഷികളെ പോലെ ഇവ ഇണക്കം കാണിക്കുന്ന കൂട്ടത്തിലല്ല.
എന്നാൽ ഇവിടെ കാര്യങ്ങൾ മറിച്ചാണ്. തങ്കമണി അമ്മക്ക് മുന്പിൽ മയിൽ അനുസരണയുള്ള ഇണക്കക്കാരിയാണ് ഇവരുടെ കയ്യിൽ നിന്നു ഭക്ഷണം വാങ്ങി കഴിച്ചാണ് മയിലിന്റെ ദിവസവുമുള്ള മടക്കം.
എന്നാൽ വീട്ടിലെ മറ്റാരോടും അടുപ്പമില്ല. അമ്മയുടെ കൂടെ കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ ഇത്തിരി അകലം പാലിക്കും. അമ്മ തനിച്ചെങ്കിൽ പറന്നെത്തും.
രാവിലെയും വൈകിട്ടുമാണ് മയിലിന്റെ സന്ദർശന സമയം. സമയക്രമം കൃത്യമായി പാലിക്കുന്നുമുണ്ട്. തങ്കമണി അമ്മ വീട്ടിൽ ഇല്ലെങ്കിൽ ഭക്ഷണം അടുക്കളയ്ക്കു സമീപം മാറ്റി വയ്ക്കും.
മയിൽ എത്തി കഴിഞ്ഞാലുടൻ തന്റെ ആഗമനമറിയിച്ച് ശബ്ദമുണ്ടാക്കും. ഇതു കേട്ടു കഴിഞ്ഞാൽ വീടിനകത്തു നിന്നു ഭക്ഷണവുമായി തങ്കമണി അമ്മ എത്തും.
ശബ്ദം ഉയർത്തിയിട്ടും ആളെ കണ്ടില്ലെങ്കിൽ വീട്ടിൽ ഇവരില്ലെന്ന് മയിലിന് തിരിച്ചറിയാം. പിന്നെ അവകാശപ്പെട്ടതായ മാറ്റി വച്ച വിഹിതം കൊത്തി തിന്ന് സ്ഥലം വിടും. ചിലപ്പോൾ ചോറു കൂടാതെ അൽപ്പം ധാന്യം കൂടി കിട്ടിയാൽ മയിലിന് പെരുത്ത് സന്തോഷം.
കൊല്ലിയാനി ശ്രീ ദുർഗാ ക്ഷേത്രം ആധ്യാത്മിക പാരായണ സമിതിയുമായി ബന്ധപ്പെട്ടു ഭക്തി പാരായണവും മറ്റുമായി തങ്കമണി അമ്മ ആത്മീയ കാര്യങ്ങളിൽ കർമനിരതയായിരുന്നു.
പക്ഷേ, കോവിഡ് പതിവുചര്യകൾ എല്ലാം തെറ്റിച്ചു. ഇതിനിടെയാണ് ഈശ്വര ചൈതന്യം പോലെ മയിൽ കടന്നു വന്നത്. ഇത് തങ്കമണിയമ്മക്ക് നേരംന്പോക്കിനുള്ള ഉപാധിയായി.
കാത്തിരിക്കാനും സമയം കൊല്ലാനും മയിലിന്റെ വരവ് തങ്കമണിയമ്മക്കും അനുഗ്രഹമാണ്.