ചാലക്കുടി: തിരക്കുള്ള ബസുകളില്‍ കയറി സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുന്ന സംഘത്തില്‍പെട്ട തമിഴ്നാട് സ്വദേശിനിയെ പോലീസ് പിടികൂടി. മധുര റെയില്‍വേ കോളനിയില്‍ താമസിക്കുന്ന എസക്കിയുടെ ഭാര്യ തങ്കമ്മ(23)യെ എസ്ഐ ജയേഷ് ബാലന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
വരന്തരപ്പിള്ളി ചിറയത്ത് ചൊക്കിരിവീട്ടില് ജോജന്റെ ഭാര്യ സുരഭിയുടെ പണമടങ്ങിയ പഴ്സാണ് മോഷ്ടിച്ചത്. ആമ്പല്ലൂരില്‍ നിന്നും പോട്ടയിലേക്ക് വരും വഴി കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍വച്ചാണ് സംഭവം. കൊടകരയില്‍നിന്നു കയറിയ രണ്ടു തമിഴ് സ്ത്രീകളില്‍ ഒരാള്‍ ഇടയ്ക്കുവച്ച് ഇറങ്ങിപ്പോയി. പിന്നീട് പോട്ട പാപ്പാളി ജംഗ്ഷനില്‍ യാത്രക്കാര്‍ ഇറങ്ങിയപ്പോള്‍ അടുത്ത സ്ത്രീ മനപ്പൂര്‍വം തിരക്കുണ്ടാക്കിയിരുന്നു. അവിടെ ഇറങ്ങിയ സുരഭിയുടെ പഴ്സാണ് നഷ്ടപ്പെട്ടത്. ഉടനെ പോലീസില്‍ വിവരം അറിയിച്ചു. ഒരു ഓട്ടോയില്‍ കയറി സുരഭി ബസിനെ പിന്തുടര്ന്നു. തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ പഴ്സ് സീറ്റിനടിയിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒരു ലക്ഷത്തോളം രൂപ ബാഗിന്റെ മറ്റൊരു അറയില്‍ ഉണ്ടായിരുന്നു. ഇത് മോഷ്ടാവിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പഴ്സില്‍ വച്ചിരുന്ന 3000 രൂപയാണ് മോഷണം പോയത്. അഡീഷണല്‍ എസ്ഐ എന്‍.ജി. ശശീന്ദ്രന്, സീനിയര്‍ സിപിഒമാരായ സി.കെ.സുരേഷ്, ജിബി ബാലന്, ഹോം ഗാര്‍ഡ് പി.കെ.ജോയി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.