ഉണ്ണിയേശുവിനെ കൈകളിലേന്തിയ മാതാവ്, യേശു ക്രിസ്തു, രാധാ സമേതനായ കൃഷ്ണന്, പ്രകൃതിയിലെ മനോഹരക്കാഴ്ചകള്‍… വിശ്രമ ജീവിതം ചായങ്ങള്‍ ഒഴുകുന്ന കാന്‍വാസിലൂടെ കളര്‍ഫുള്‍ ആക്കുകയാണ് 83കാരിയായ എം.ജി. തങ്കമ്മ ടീച്ചര്‍.
വരയുടെയും വര്‍ണങ്ങളുടെയും ലോകത്ത് തനിക്കിപ്പോഴും ബാല്യമാണെന്ന് ടീച്ചര്‍ പറയുമ്പോഴും ആ വരകളില്‍ നിറയുന്നത് നയന മനോഹരകാഴ്ചകളാണ്. അധ്യാപന ജീവിതത്തില്‍നിന്നും വിരമിച്ച ശേഷം മക്കളുടെ പ്രോത്സാഹനത്തില്‍ 74-ാം വയസില്‍ ചിത്രരചന പഠിച്ചു തുടങ്ങിയ എറണാകുളം ഇടപ്പള്ളി ശ്രീവത്സം വീട്ടില്‍ എം.ജി. തങ്കമ്മ ഇതിനകം താന്‍ വരച്ച 70ലധികം ചിത്രങ്ങളുടെ രണ്ട് പ്രദര്‍ശനങ്ങളും നടത്തി.
ചിത്രരചനയോടു കൂട്ടുകൂടിയ ബാല്യം
സ്കൂള്‍ പഠന കാലത്തു തന്നെ തങ്കമ്മയ്ക്ക് വരയ്ക്കാന്‍ ഇഷ്ടമായിരുന്നു. സ്കൂളിലേക്കും പോകുന്ന വഴിയിലെ കാഴ്ചകളൊക്കെ ഇടയ്ക്കിടയ്ക്ക് പേപ്പറില്‍ പെന്‍സിൽ കൊണ്ട് വരച്ച് മാതാപിതാക്കളെയും ബന്ധുക്കളെയുമൊക്കെ കാണിക്കുമായിരുന്നു. എങ്കിലും ചിത്രരചന ശാസ്ത്രീയമായി പഠിക്കണമെന്ന മോഹമൊന്നും അന്നുണ്ടായില്ല.
പഠനശേഷം അധ്യാപികയായി ജോലി കിട്ടി. മക്കളും ജോലിയുമൊക്കെയായി കുടുംബജീവിതം മുന്നോട്ടു പോകവേ ചിത്രരചന പഠിക്കാനൊന്നും അന്ന് സമയമുണ്ടായില്ലെന്ന് തങ്കമ്മ ടീച്ചര്‍ പറയുന്നു. 25 വര്‍ഷം ഇടപ്പള്ളി ഗവ. ഹൈസ്കൂളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു. പിന്നീട് പ്രമോഷന് ലഭിച്ചതോടെ ഏലൂര്‍ ഗവ. ഹൈസ്കൂളില്‍ നിന്ന് പ്രധാനാധ്യാപികയായിട്ടാണ് തങ്കമ്മ ടീച്ചര്‍ വിരമിച്ചത്.
75-ാം വയസില്‍ ചിത്രകലാ വിദ്യാര്‍ഥിയായി
മനസുണ്ടെങ്കില്‍ പഠനത്തിന് പ്രായമൊരു തടസമാകില്ലെന്നത് ഉദാഹരമാണ് തങ്കമ്മ ടീച്ചര്‍. ഒരിക്കലും വെറുതെയിരിക്കാന്‍ ഇഷ്ടമില്ലാത്ത ആളാണ് ടീച്ചര്‍. ജോലിയില്‍നിന്ന് വിരമിച്ച ശേഷം വെറുതെയിരുന്നപ്പോള്‍ മടുപ്പു തോന്നിത്തുടങ്ങി. അപ്പോഴാണ് അമ്മയ്ക്ക് ചിത്രരചന പഠിച്ചുകൂടെയെന്ന് മക്കള്‍ ചോദിച്ചത്.
മക്കളുടെയും മരുമക്കളുടെയും പൂര്‍ണ പിന്തുണയോടെ തങ്കമ്മ ടീച്ചര്‍ 2016 ല്‍ 75-ാം വയസില്‍ എറണാകുളം ദിവാന്‍സ് റോഡിലെ ആദര്‍ശ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ വര പഠിക്കാന്‍ ചേര്‍ന്നു. അവിടെ വിജയന് മാഷുടെ ശിക്ഷണത്തില്‍ ടീച്ചര്‍ ചായങ്ങള്‍ മിക്സ് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിച്ചു.
ആശയമൊന്നുമില്ലാതെയുള്ള ചിത്രങ്ങളായിരുന്നു അവര്‍ അന്നുവരെ വരച്ചിരുന്നത്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി മനോഹര ചിത്രങ്ങള്‍ വരയ്ക്കാന്‍ തങ്കമ്മ ടീച്ചര്‍ പരിശീലിച്ചു തുടങ്ങി. ഇതിനിടയിലാണ് കോവിഡ് വില്ലനായെത്തിയത്. ലോക്ഡൗണ്‍ തുടങ്ങിയതോടെ വീട്ടിലെ ഇടവേളകളിലൊക്കെ ടീച്ചര്‍ ചിത്രങ്ങള്‍ വരച്ചു. പുരാണങ്ങളും പ്രകൃതി ഭംഗിയും ഉള്‍പ്പെടെ കാഴ്ചയില്‍ കാണുന്നതൊക്കെ ടീച്ചറുടെ കാന്‍വാസില്‍ മിഴവുള്ള ചിത്രങ്ങളായി.
വീട്ടിലെത്തുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ സൗജന്യ സ്നേഹ സമ്മാനമായി അവര്‍ അത് സമ്മാനിച്ചു. 2018 ല്‍ താന്‍ വരച്ച 25 ചിത്രങ്ങളുമായി തങ്കമ്മ ടീച്ചറുടെ ആദ്യ ചിത്ര പ്രദര്‍ശനം ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്നു. തുടക്കക്കാരി എന്നതില്‍ ഉപരിയായിട്ടുള്ള വര്‍ണവിസ്മയം തീര്‍ക്കുന്നതായിരുന്നു പ്രദര്‍ശനത്തിലെ ഓരോ ചിത്രങ്ങളും.
ചിത്രങ്ങള്‍ കണ്ടവര്‍ നല്കിയ കൈയടി ടീച്ചര്‍ക്ക് ആത്മവിശ്വാസമേകി. ലോക്ഡൗണിനു ശേഷം മൂന്നു വര്‍ഷം കഴിഞ്ഞ് ടീച്ചര്‍ വീണ്ടും ആര്‍ട്സ് സ്കൂളിലേക്ക് വിദ്യാര്‍ഥിയായി എത്തി. ആഴ്ചയില്‍ മൂന്നു ദിവസമാണ് പഠനം. തുടക്കത്തില്‍ ചെയ്ത ഓയില്‍ പെയിന്റിംഗിനൊപ്പം അക്രിലിക്കിലും ടീച്ചര്‍ മനോഹര ചിത്രങ്ങള്‍ വരച്ചു.
രണ്ടാമത്തെ ചിത്രപ്രദര്‍ശനം
ഇക്കഴിഞ്ഞ മേയില്‍ 30 ചിത്രങ്ങളുമായി എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ തങ്കമ്മ ടീച്ചര്‍ തന്റെ രണ്ടാമത്തെ ചിത്രപ്രദര്‍ശനവും നടത്തി. പ്രകൃതി ദൃശ്യങ്ങൾക്കും പുരാണങ്ങള്ക്കുമൊപ്പം മക്കളുടെ പോര്‍ട്രേറ്റും പ്രദര്‍ശനഹാളില്‍ ഇടംപിടിച്ചു. കഥകളി ദൃശ്യങ്ങളും ഗാന്ധിജിയുമൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
പിന്തുണയുമായി കുടുംബം
ഭര്‍ത്താവ് എം.എന്‍. സുകുമാരന്‍ കേരള കലാമണ്ഡലം മുന്‍ വൈസ് ചെയര്‍മാനും എറണാകുളം കഥകളി ക്ലബ് പ്രസിഡന്റുമായിരുന്നു. മൂത്തമകള്‍ എം.എസ്. കല എറണാകുളം സെന്റ് തെരേസാസ് കോളജിലെ ഡീന്‍ ആണ്. അഡ്വ. എം.എസ്. ലതയാണ് മറ്റൊരു മകള്‍. മകന് മധുസൂദനന് ഡല്‍ഹി അമ്റ്റി യൂണിവേഴ്സിറ്റിയില്‍ സയന്റിസ്റ്റാണ്. മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെ ടീച്ചര്‍ക്ക് പൂര്‍ണപിന്തുണയുമായി കൂടെയുണ്ട്.
സീമ മോഹന്‍ലാല്‍