പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വാർഡ് അഞ്ചിൽപ്പെട്ട ഉദയ നഗറിലെ വൃദ്ധ ദമ്പതികൾ അടച്ചുറപ്പുള്ള ഒരു വീടിനായി കാത്തിരിപ്പു തുടങ്ങിയിട്ടു 22 വർഷം..! ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റുൾപ്പെടെ ഒട്ടേറെ വികസന നായകരുടെ തട്ടകമായ മുതുകാട്ടിലെ മുഞ്ഞോറമലയിൽ തങ്കപ്പൻ – സരോജിനി ദമ്പതികളാണു ദുരിതം പേറി ജീവിക്കുന്നത്. വീട് നിർമിക്കാനുള്ള ധനസഹായത്തിനായി പഞ്ചായത്തിൽ ഒട്ടേറെ അപേക്ഷകൾ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല.
സ്വന്തമായുള്ള 22.5 സെന്റ് ഭൂമിക്കു പട്ടയമില്ലാത്തതാണു തടസമായി പറയുന്നത്. സ്വന്തമായി സ്ഥലമില്ലാത്തവർക്കും വീട് നൽകുന്ന സർക്കാർ പദ്ധതിയുള്ള നാട്ടിലാണു തങ്കപ്പനും സരോജിനിയും വലയുന്നത്. ഇവരുടെ നിലവിലുള്ള വീട് ആകെ നശിച്ച നിലയിലാണ്.
ഇതിനു പിന്നിൽ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡിലാണു ഇപ്പോൾ അന്തിയുറങ്ങുന്നത്. ഇവർക്കു മക്കൾ ഏഴ് പെൺകുട്ടികളാണ്. ഇവരുടെ വിവാഹം കഴിഞ്ഞതോടെയാണു വൃദ്ധരായ ദമ്പതികൾ ഒരു സുരക്ഷിത വീടെന്ന സ്വപ്നവുമായി കഴിയുന്നത്.