കുന്നംകുളം: സംരക്ഷിക്കാൻ ആരുമില്ലാതെ തകർന്ന വീട്ടിൽ കഴിഞ്ഞിരുന്ന കുന്നംകുളം അടുപ്പുട്ടി കാക്കശേരി തങ്കുവിന്റെ വീടിന്റെ പുനർ നിർമാണ പ്രവർത്തികൾക്കു തുടക്കമായി. വീട് പൂർണമായി പൊളിച്ച് പുതിയ വീട് നിർമിക്കുകയാണ് ചെയ്യുന്നത്.
കുന്നംകുളം ഫയർ ആൻഡ് റസ്ക്യൂ ഫോഴ്സിന് കീഴിലെ സിവിൽ ഡിഫൻസ് സേനയും, കുന്നംകുളം ഷെയർ ആൻഡ് കെയറും, എൻജിനീയർസ് ആൻഡ് സൂപ്പർ വൈസേഴ്സിന്റെ ലെൻസ്ഫെഡും സംയുക്തമായാണ് ഇവർക്കു വീടൊരുക്കുന്നത്.
തകർന്നു വീഴാറായ അവസ്ഥയിലുള്ള ഒരു കൂരയിലാണ് 72 വയസുള്ള കാക്കശ്ശേരി തങ്കു കഴിഞ്ഞിരുന്നത്. ഉറപ്പില്ലാത്ത തറയും ഒരു ഭാഗം മാത്രം ചുമരും ഓലയും ടാർപ്പായും കൊണ്ടു മൂടിയ മേൽക്കൂരയും
ഉള്ള ഈ വീടിന്റെ ദയനീയ അവസ്ഥ നേരിട്ടറിഞ്ഞ കുന്നംകുളം ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി കുന്നംകുളം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരുമായി സംസാരിച്ചാണ് വീട് പുതുക്കി പണിത് നൽകുന്നത്.
രണ്ട് ദിവസത്തിനികം സന്നദ്ധ സേവന പ്രവർത്തനവുമായി വീടിന്റെ നിർമാണം പൂർത്തീകരിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വൈശാഖ്, ഫിലിക്സ്, ഷെയർ ആൻഡ് കെയർ പ്രസിഡന്റ്് ലബീബ് ഹസ്സൻ, സെക്രട്ടറി എം. ബിജുബാൽ, ലെൻസ്ഫെഡ് ഏരിയ പ്രസിഡന്റ്് മധുസൂദനൻ, സെക്രട്ടറി കിഷോർ, സെന്റർ കമ്മിറ്റി അംഗം സുഹാസ്, വാർഡ് കൗണ്‍സിലർ ബീന ലിബിനി എന്നിവർ സഹായവുമായി രംഗത്തുണ്ട്.