കൊരട്ടി: കൊരട്ടി ദേശീയപാതയിൽ ജെ.ടി.എസ്. ജംഗ്ഷന് സമീപം പെട്രോൾ പമ്പിന് എതിരെയുളള പാടം മണ്ണിട്ട് നികത്താൻ നീക്കം നടക്കുന്നതായി പരാതി.
ദേശീയപാതയോരത്ത് നിരനിരയായി കിടക്കുന്ന കണ്ടെയ്നർ ലോറികളുടെയും ട്രെയിലറുകളുടെയും മറവിലാണ് ടിപ്പറുകളിൽ മണ്ണടിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രോതസുകളിലൊന്നായ കൊരട്ടിച്ചാലിലേക്ക് കൊരട്ടിയുടെ പ്രധാനഭാഗങ്ങളിൽ നിന്നും വെളളം വരുന്നത് ഇതിന് സമീപമുളള കന്പനി തോടിലൂടെയാണ്.
കോനൂർ റോഡ്, കൊരട്ടി സെന്റർ, മദുരാകോട്സ്, ചുനക്കര, ജെ.ടി.എസ്. റോഡ്, കൊരട്ടി കിഴക്കെഅങ്ങടി ഭാഗങ്ങളിൽ നിന്നെല്ലാം മഴവെള്ളം ഒഴുകുന്നത് ഈ ചാലിലൂടെയാണ്. ഈ പാടം മണ്ണിട്ട് നികത്തിയാൽ പ്രദേശത്ത് കുടിവെളള ക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
വിഷയത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് സത്വരനടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതരുടെ ശ്രദ്ധ ലവലേശമില്ലാത്ത ഇവിടം രാത്രിയുടെ ഇരുളിൽ സാമൂഹ്യ വിരുദ്ധർ അറവ് മാലിന്യവും കക്കൂസ് മാലിന്യവും അടക്കം പാഴ്വസ്തുക്കൾ തളളുന്നതിനെതിരെയും പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്.