കോഴിക്കോട്: തണ്ണീർക്കൊമ്പൻ എന്ന കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പിനെതിരേ വിമർശനമുയരുന്നു. തണ്ണീർക്കൊമ്പന്റെ സാന്നിധ്യം ജനവാസ മേഖലയിൽ ഉണ്ടെന്നു നേരത്തെ വിവരം ലഭിച്ചിട്ടും മാനന്തവാടി നഗരമധ്യത്തിലെത്തിയത് വനം വകുപ്പിന്റെ വീഴ്ചയാണെന്നാണ് ആനപ്രേമി കൾ ആരോപണമുയര്‍ത്തിയിരിക്കുന്നത്.
സംഭവ ദിവസം രാത്രി മാനന്തവാടി ചിറക്കരയിൽ ആനയെ നാട്ടുകാർ കണ്ടിരുന്നു. വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും ആനയെ കാടുകയറ്റിയില്ലെന്നും ആരോപണമുണ്ട്. വനപാലകർ ആനയെ കാട് കയറ്റാതെ റോഡിലൂടെ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മയക്കുവെടിയേറ്റ് തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ എലഫന്റ് ലവേഴ്സ് ഫോറം പരാതി നൽകി. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാതെ മയക്കുവെടി വച്ചത് ഉദ്യോഗസ്ഥരുടെ പിഴവാണെന്നു ഫോറം ആരോപിച്ചു. വെടിവച്ചശേഷം ആനയുടെ രക്തസമ്മർദം കുറയ്ക്കാനുള്ള നടപടി സ്വീകരിച്ചില്ല.
കറുത്ത തുണികൊണ്ടു മുഖം മറക്കാതിരുന്നതും ആനയുടെ ശരീരത്തിൽ വെള്ളം നനയ്ക്കാതിരുന്നതും ആനയുടെ രക്തസമ്മർദം വർധിപ്പിച്ചു. കൃത്യമായ നിരീക്ഷണത്തിനു ശേഷമല്ല തണ്ണീർക്കൊമ്പനെ മയക്കുവെടിവച്ചതെന്നും പരാതിയിൽ പറയുന്നു. പിഴവ് സംഭവിച്ച ഉദ്യോസ്ഥർക്കെതിരേ വകുപ്പ് തല നടപടികൾ സ്വീകരിക്കണമെന്നും ഫോറം ചെന്നൈയിലെ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്കു നൽകിയ പരാതിയിൽ പറയുന്നു.