വൈക്കം: തണ്ണീർമുക്കം ബണ്ടിലെ ഷീറ്റ് പൈലുകൾ പൊളിക്കുന്ന നടപടി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കായലിനു നടുവിലെ മണ്‍ചിറ നീക്കി വേന്പനാട്ടു കായലിനെ പൂർണമായി ഒഴുകുന്നതിനായി പാലം നിർമിക്കുന്നതിനായി ബണ്ട് തീർക്കാൻ സ്ഥാപിച്ച ഷീറ്റ് പൈലുകളാണ് വൈബോ ഹാമർ യന്ത്രമുപയോഗിച്ചു നീക്കിത്തുടങ്ങിയത്. എട്ടു മീറ്റർ നീളമുള്ള ഷീറ്റിന്റെ മൂന്നടിയോളം ഭാഗമാണ് കായലിൽ താഴ്ത്തിയിരിക്കുന്നത്.
20 മിനിട്ടു കൊണ്ടാണ് ഒരു ഷീറ്റ് പൈൽ ഉൗരിയെടുക്കുന്നത്. 420 മീറ്റർ മണ്‍ചിറയുടെ 70 മീറ്റർ ഭാഗം ഇതിനകം പൊളിച്ചു കഴിഞ്ഞു. 500 പൈലുകളിൽ നൂറെണ്ണത്തോളമാണ് ഇന്നലെ ഉൗരിയെടുത്തത്. പൈൽ പൊളിച്ച ഭാഗത്തെ മണ്ണ് ജിയോളജി വകുപ്പിനു കൈമാറും. ബണ്ടിന്റെ വടക്കുഭാഗത്തുള്ള 5000 ക്യുബിക് മീറ്റർമണ്ണ് ആദ്യഘട്ടം ജിയോളജി വകുപ്പിനു കൈമാറും. ജിയോളജി അധികൃതരാണ് മണ്ണിന്റെ റോയൽറ്റി കണക്കാക്കുന്നത്.
ജിയോളജി അധികൃതർ സ്ഥലത്തെത്തി മണ്ണ് പരിശോധനയ്ക്കായി സാന്പിളെടുത്തു. ഷീറ്റ് പൈലുകൾ നീക്കി അവിടത്തെ മണ്ണ് മാറ്റിയശേഷമാണ് പഴയ മണ്‍ചിറ പൊളിച്ചു കായലിലെ നീരൊഴുക്കു വർധിപ്പിക്കുന്നത്. കായലിലെ നീരൊഴുക്കു ശക്തമാകുന്നതോടെ വേന്പനാട്ടു കായലിലെ മലിനീകരണവും ഒരു പരിധി വരെ ഒഴിവാകും. മൽസ്യ സമൃദ്ധമായിരുന്ന വേന്പനാട്ടുകായലിന്റെ പഴയ കാലം തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് മൽസ്യത്തൊഴിലാളികളും.