ആലപ്പുഴ: സമഗ്രമായ പഠനം നടത്താതെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ജനങ്ങൾക്കു ദുരിതം വിതയ്ക്കുന്ന തണ്ണീർമുക്കം ബണ്ട് വർഷം മുഴുവൻ തുറന്നിടാനുള്ള ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം അംഗീകരിക്കാനാവില്ലെന്നു ജനാധിപത്യ കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാൻ ഡോ. കെ.സി. ജോസഫ്.
ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക കലണ്ടറിനനുസരിച്ചു കൃഷി നടത്താൻ സംവിധാനങ്ങൾ ഒരുക്കിയാൽ മൂന്നുമാസക്കാലം ഉപ്പുവെള്ളം കയറിയിറങ്ങി ശുദ്ധീകരണം സാധ്യമാണെന്നിരിക്കെ ഈ തീരുമാനം പ്രത്യാഘാതങ്ങൾ പരിഗണിക്കാതെയുള്ളതും ചെരുപ്പിനൊപ്പം കാൽ മുറിക്കുന്നതിനു തുല്യവുമാണ്.
തീരുമാനം നെൽക്കൃഷിയെ മാത്രമല്ല, ക്ഷീര,മത്സ്യ കൃഷികളെയും ദോഷകരമായി ബാധിക്കും. കുടിവെള്ള ദൗർലഭ്യം രൂക്ഷമാക്കും. അതിനാൽ സമഗ്രമായ ചർച്ചകളിലൂടെ അഭിപ്രായ സമന്വയത്തിനു സർക്കാർ തയാറാകണം. അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് ജോസഫ് കെ. നെല്ലുവേലി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി സ്റ്റീഫൻ ചാമപ്പറന്പിൽ, ഉമ്മൻ ആലുംമൂട്ടിൽ, ജെയിംസ് ചുങ്കത്തിൽ, തോമസ് ജോസഫ്, ഷിബു മണല, സാജൻ സെബാസ്റ്റ്യൻ, സി.ടി. സക്കറിയ, ജേക്കബ് സാണ്ടർ, ബാബു മണ്ണാംതുരുത്തിൽ, ബാബു ആറുപറ, ഒ.വി. കുര്യാക്കോസ്, സണ്ണിച്ചൻ പുത്തൻപുര, വി.എ. ജോസഫ്, ജോമോൻ കൊട്ടുപ്പള്ളി, ബിനു വർഗീസ് എന്നിവർ പ്രസംഗിച്ചു.