കോട്ടയം: ജില്ലയിലെ കോട്ടയം നഗരമുൾപ്പെടെയുള്ള പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളത്തിൽ മൂങ്ങി കിടക്കുന്പോഴും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഉയർത്തി ജല വിതാനം താഴ്ത്തുന്നത് ഉദ്ഘാടനത്തെച്ചൊല്ലി വൈകുന്നു.
കോട്ടയം, ആലപ്പുഴ ജില്ലകളിലെ ദുരിതത്തിനു ഒരു പരിധിരെ അറുതിവരുത്താൻ തണ്ണീർമുക്കം ബണ്ടിന്റെ ഷർട്ടർ ഉയർത്തുന്നതോടെ സാധിക്കുമെന്നിരിക്കെ ഉദ്ഘാടനം നടത്താത്തതിനാൽ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
അപ്പർകുട്ടനാട് ഉൾപ്പെടെ പൂർണമായും വെള്ളത്തിലാണ്. ബണ്ടിനു കിഴക്കുവശം ജലനിരപ്പ് ഉയർന്നും കടൽപ്രദേശം താഴ്ന്നുമാണെന്ന് കർഷകർ പറയുന്നു. മേഖലയിലെ മുഴുവൻ പാടശേഖരങ്ങളിലും മടവീണും മടവീഴ്ച ഭീഷണിയിലുമാണ്. കുട്ടനാട് ഡെവലപ്മെന്റ് അഥോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ബണ്ടിന്റെ നിർമാണം പൂർണമായും പൂർത്തിയായി.
ബണ്ടിന്റെ മുൻവശത്തുള്ള മണൽചാക്ക് നീക്കി ഷർട്ടർ തുറന്നാൽ വെള്ളം ഒഴുകിപ്പോകും. എന്നാൽ നിർമാണം പൂർത്തിയായി രണ്ടുമാസം പിന്നിട്ടിട്ടും നാളിതുവരെ തുടർനടപടിക്ക് അധികൃതർ തയാറാകുന്നില്ല.വേന്പനാട്ട് കായലിനു കുറുകെ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണു തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാംഘട്ട പ്രവൃത്തികളുടെ ഭാഗമായി ഷർട്ടറുകൾ നിർമിച്ചത്.
മൂന്നാംഘട്ടത്തിൽ 181 കോടി ചെലവഴിച്ച് 433 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണു കായലിന്റെ മധ്യഭാഗത്തുള്ള മണൽതിട്ട ഒഴിവാക്കുന്നതിന്റെ ഭാഗമായി ഷർട്ടർ ഉൾപ്പെടെ ബണ്ട് നിർമിച്ചത്. 1410 മീറ്റർ നീളത്തിലുള്ള ബണ്ടായി തണ്ണീർമുക്കം മാറി. ഉദ്ഘാടനം നടത്താൻ വൈകുന്നതാണു 28 ഷർട്ടറുകൾ ഉയർത്താനും വൈകുന്നത്.
പണി പൂർത്തീകരിക്കുന്നതോടെ രണ്ട് ബോക്ക് ലോക്കുകൾ പൂർത്തിയാകും. ബോക്ക് ലോക്ക് ഹൈഡ്രോളിക് നിർമിതമാണ്. യന്ത്രസഹായത്തോടെ പ്രവർത്തിക്കുന്നതോടെ 14 മീറ്റർ വീതിയുള്ള ബോക്ക് ലോക്ക് ദേശീയ ജലപാതയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് നിർമിച്ചതാണ്.
ബണ്ടിന്റെ ഇരുകരകളുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് നിർമാണവും പൂർത്തിയായി. കുട്ടനാട് മേഖലയിലെ നെൽകൃഷി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ജലനിയന്ത്രണമാണ് ബണ്ടിന്റെ പ്രധാനദൗത്യം. വെള്ളപ്പൊക്ക സമയത്ത് കുട്ടനാട്ടിലെ ജലവിതാനം ഒരുപരിധിരെ കുറയ്ക്കാനും തെക്ക് ഭാഗത്ത് കായലിൽ മണ്ണടിഞ്ഞ് ആഴവും സംഭരണശേഷിയും കുറയുന്നത് തടയാനും ഉപ്പുവെള്ളം നിയന്ത്രിക്കാനും സാധിക്കുമെന്നാണു ബണ്ടിന്റെ പ്രത്യേകത.