കുമരകം: കുട്ടനാടൻ പാടശേഖരങ്ങളിൽ ഇരുപ്പുകൃഷി ചെയ്തു നെല്ലുത്പാദനം കൂട്ടുക എന്ന ലക്ഷ്യത്തോടെ നിർമിച്ചതാണ് തണ്ണീർമുക്കം ബണ്ട്.
1974ൽ ബണ്ട് നിർമിച്ചപ്പാേൾ ഡിസംബർ പകുതി മുതൽ മാർച്ച് 15 വരെയുള്ള മൂന്നു മാസം ബണ്ടിന്റെ ഷട്ടർ അടച്ചിട്ട് കടലിൽനിന്ന് ഉപ്പുവെള്ളം കയറുന്നതു തടയണമെന്നും ഒമ്പതു മാസം ഷട്ടർ തുറന്നു കിടക്കണമെന്നതുമായിരുന്നു വ്യവസ്ഥ.
ബണ്ട് നിർമിച്ചിട്ട് 49 വർഷം പിന്നിട്ടപ്പാേൾ ആറു വർഷം മാത്രമാണ് വ്യവസ്ഥ പാലിച്ചു തുറന്നത്. പിന്നീട് ആറു മാസംവരെ ബണ്ട് അടഞ്ഞുതന്നെ കിടക്കുന്ന സ്ഥിതിയുമുണ്ടായി.
ഇതു കുട്ടനാട്ടിലെ പരിസ്ഥിതിയെ സാരമായി ബാധിച്ചു. ഒഴുക്കു നിലച്ചതു മൂലം ജലാശയങ്ങൾ മാലിന്യവാഹിനികളായി. പോളയും മറ്റു ജലസസ്യങ്ങളും തിങ്ങിനിറഞ്ഞ് ജലഗതാഗതം തടസപ്പെട്ടു.
മത്സ്യസമ്പത്തും ഗണ്യമായി കുറഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക കലണ്ടർപ്രകാരം നെൽകൃഷി ഇറക്കാനാകാതെ വരുകയും കൊയ്ത്ത് വെെകുകയും ചെയ്തു. ഇതോടെ മാർച്ച് 15ന് ബണ്ട് തുറക്കുന്നതിനെ കർഷകർ എതിർത്തു.
ഏപ്രിൽ ആദ്യ വാരമായിട്ടും ഇക്കുറി ആലപ്പുഴ ജില്ലയിൽ 750 ഹെക്ടർ പാടശേഖരത്തിൽ കൊയ്ത്ത് അവശേഷിക്കുകയാണ്. കോട്ടയം ജില്ലയിൽ പനച്ചിക്കാട്, അയ്മനം പഞ്ചായത്തുകളിലും കൊയ്ത്ത് ഇതുവരെ പൂർത്തിയായിട്ടില്ല. ഇരുപതോടെയേ കൊയ്ത്ത് പൂർത്തിയാകു.
മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭത്തെത്തുടർന്നാണ് കൊയ്ത്ത് തീരുന്നതിനു മുമ്പ് ഷട്ടർ തുറക്കുന്നത്. വേമ്പനാട്ടുകയലിൽനിന്നു 4,300 ടൺ മത്സ്യം വർഷംതോറും ലഭിച്ചിരുന്നു.
എന്നാൽ, അത് 230 ടൺ മാത്രമായി കുറഞ്ഞെന്ന് ഡോ. കെ.ജി.പത്മകുമാർ ചൂണ്ടിക്കാട്ടി. വിദേശനാണ്യം നേടി തരുന്ന കൊഞ്ചും ചെമ്മീനും പ്രജനനം നടത്തുന്നത് ഉപ്പ് വെള്ളത്തിലാണ്, വളരുന്നതു ശുദ്ധജലത്തിലും . ബണ്ട് യഥാസമയം തുറക്കാതായതോടെ ആറ്റ്കാെഞ്ചിന്റെ ലഭ്യത 429 ടണ്ണിൽനിന്ന് 17 ടണ്ണായി കുറഞ്ഞു.
10ന് ബണ്ട് തുറക്കുന്നതാേടെ മത്സ്യമേഖലയിലും വിനോദസഞ്ചാര മേഖലയിലും ഉണർവുണ്ടാകുമെന്ന് തുറക്കുന്നതിനെ അനുകൂലിക്കുന്നവർ പറയുന്നു.
വരും വർഷങ്ങളിലെങ്കിലും ബണ്ട് യഥാസമയം അടയ്ക്കുകയും തുറക്കുകയും ചെയ്തു കുട്ടനാടിനെ രക്ഷിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
ഇത്തവണ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറക്കുന്നത് ഒരു മാസം മുമ്പേ…
ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ 10ന് തുറക്കാൻ ഉപദേശക സമിതി തീരുമാനിച്ചതോടെ ഇത്തവണ മുൻവർഷങ്ങളേക്കാൾ ഒരു മാസം മുന്പേ ഷട്ടർ ഉയരും. കൃഷിമന്ത്രി പി.പ്രസാദ് ഓൺലൈനിലാണ് യോഗത്തിൽ പങ്കെടുത്തത്.
നെൽകർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ക്രമീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
കാർഷിക കലണ്ടർ പ്രകാരം തന്നെ കൃഷിയിറക്കി മുന്നോട്ടു പോകാൻ ശ്രമിക്കണമെന്നു യോഗത്തിൽ മന്ത്രി നിർദേശിച്ചു.
കഴിഞ്ഞ വർഷം മന്ത്രിയുടെയും അന്നത്തെ ജില്ലാ കളക്ടറുടെയും ഇടപെടലിനെത്തുടർന്നു നേരത്തെ നെല്ല് വിതച്ചിരുന്നു.
ഇതേത്തുടർന്നാണ് ഇക്കുറി ഭൂരിഭാഗം കൊയ്ത്തും പൂർത്തിയാക്കി ഏപ്രിലിൽ ബണ്ട് തുറക്കാനായതെന്നു ജില്ല കളക്ടർ ഹരിത വി.കുമാർ പറഞ്ഞു.
ഇനിയും കൊയ്ത്ത് പൂർത്തിയാക്കാനുള്ള കൈനകരി, ചിത്തിര പാടശേഖരങ്ങളിലെ കൊയ്ത്ത് 10നകം പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം ഓരു ജലം കയറാത്ത സംവിധാനം ഉറപ്പാക്കണമെന്നും ജില്ല കളക്ടർ ഹരിത വി. കുമാർ നിർദേശിച്ചു.
വേലിയേറ്റം മൂലം ജലനിരപ്പിലുണ്ടാകുന്ന വ്യത്യാസം സസൂക്ഷ്മം നിരീക്ഷിച്ച് ഉപ്പുവെളളം കയറുന്നില്ലായെന്നു മെക്കാനിക്കൽ വിഭാഗം എക്സിക്ക്യൂട്ടീവ് എൻജിനിയർ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഷട്ടറുകൾ ക്രമീകരിക്കുമ്പോൾ ഇരുവശങ്ങളിലുമുളള മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളെ (വളളം, വല മറ്റുളളവ) ബാധിക്കുന്നില്ലായെന്നു ബന്ധപ്പെട്ട എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ ഉറപ്പു വരുത്തണം.
ബണ്ട് തുറക്കുമ്പോൾ കായലിൽനിന്നുള്ള വെള്ളം കൊയ്ത്ത് പൂർത്തിയാകാത്ത പാടശേഖരങ്ങളിൽ കയറുന്നില്ലെന്നു കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറയുന്നു.