കോട്ടയം: കനത്തചൂടില്‍ വലയുന്ന യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കുടിവെള്ളവും സംഭാരവുമടക്കം സൗജന്യമായി ലഭ്യമാക്കി സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളില്‍ തണ്ണീര്‍പന്തലുകള്‍ ആരംഭിച്ചു.
പാമ്പാടി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പാമ്പാടി ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച തണ്ണീര്പന്തലില്നിന്നു കുടിവെള്ളം പകര്ന്നുനല്കി സഹകരണ തണ്ണീര്‍പന്തലിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു.
ചൂട് ഉയര്ന്നുനില്ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കു സഹായമാകുംവിധം സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളിൽ തണ്ണീര്‍പന്തലുകള്‍ ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം കഴിഞ്ഞ വര്‍ഷം സഹകരണ മേഖലയില്‍ തണ്ണീര്‍പന്തലുകള്‍ ഒരുക്കിയിരുന്നു.
ഇത്തവണ പല മേഖലയിലും ചൂടു വളരെ കൂടിയിരിക്കുകയാണ്. അതിനാല്‍ ജനങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന സാമൂഹിക ഉത്തരവാദിത്തം സഹകരണ വകുപ്പ് ഏറ്റെടുക്കുകയാണ്. എല്ലാ ബാങ്കുകളും അവരുടെ മേഖലയിലെ പൊതുഇടങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കുമെന്നും വേനല്‍ അവസാനിക്കുംവരെ ഇവ നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.