ചേർത്തല: മുൻ ധാരണ പ്രകാരം ഭരണം കൈമാറാത്തതിനെതുടർന്ന് തണ്ണീർമുക്കം പഞ്ചായത്തിൽ സിപിഎം-സിപിഐ തർക്കം രൂക്ഷമാകുന്നു. സിപിഐ പ്രസിഡന്റ് രാജിവയ്ക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് കമ്മിറ്റിയിൽ സിപിഎം അംഗങ്ങൾ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തി.
പഞ്ചായത്ത് കമ്മറ്റിയിലെ 18 അജണ്ടകളിൽ വികസനകാര്യത്തിൽ മാത്രം പങ്കെടുക്കുകയും മറ്റ് അജണ്ടകളിൽ മൗനം പാലിക്കുകയും ചെയ്തു. പഞ്ചായത്തിൽ ഇന്നലെ നടന്ന യോഗത്തിലാണ് സിപിഎം അംഗങ്ങൾ പുതിയ സമരമുറ പരീക്ഷിച്ചത്. നിലവിൽ സിപിഐയുടെ കെ.ജി സെബാസ്റ്റ്യനാണ് പഞ്ചായത്ത് പ്രസിഡന്റ്. എൽഡിഎഫ് ധാരണ പ്രകാരം കഴിഞ്ഞ മാസം രാജി വയ്ക്കേണ്ടതായിരുന്നെങ്കിലും തർക്കത്തെ തുടർന്ന് രാജിവച്ചിട്ടില്ല.
എൽഡിഎഫ് ചർച്ചകൾ പലത് നടക്കുകയും കഴിഞ്ഞ ദിവസമുണ്ടായ ധാരണ പ്രകാരം മണ്ണഞ്ചേരിയിൽ സിപിഐയ്ക്ക് ഒരു സ്ഥിരം സമിതി അധ്യക്ഷനെ നൽകാമെന്ന് തീരുമാനിക്കുകയും സിപിഐ പ്രസിഡന്റുമാർ രാജിവയ്ക്കുവാൻ തീരുമാനിക്കുകയും ചെയ്തെങ്കിലും പാലിക്കാത്തതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. സിപിഎമ്മിന് പഞ്ചായത്തിൽ ആകെ 10 അംഗങ്ങളാണുള്ളതെങ്കിലും ഇന്നലെ ഒൻപത് പേരാണ് ഹാജരായത്.
ഇവരിൽ പുരുഷ·ാർ കറുത്ത നിറമുള്ള ഷർട്ട് ധരിച്ചെത്തിയപ്പോൾ വനിത അംഗങ്ങൾ കറുത്ത നിറമുള്ള വസ്ത്രങ്ങൾ ധരിച്ച് പ്രതിഷേധം അറിയിച്ചത്. സിപിഐയ്ക്ക് നാലും കോണ്‍ഗ്രസിന് ആറും ബിജെപിക്ക് മൂന്നും സീറ്റുകളാണുള്ളത്. എൽഡിഎഫിലെ തർക്കം മുതലെടുത്ത് അവിശ്വാസ പ്രമേയത്തിനും പ്രതിപക്ഷത്ത് നീക്കമുണ്ട്.