കേച്ചേരി: ചുട്ടുപൊള്ളുന്ന വേനലിൽ ദാഹജലത്തിനായി കേഴുന്ന കിളിക്കൂട്ടങ്ങൾക്ക് സ്നേഹത്തണ്ണീർ കുടങ്ങളൊരുക്കി ചൂണ്ടൽ പഞ്ചായത്തിലെ പ്രകൃതിസംരക്ഷണസംഘം പ്രവർത്തകർ. ചൂണ്ടൽ ഗവ. യുപി സ്കൂളിൽ അതിഥികളായെത്തി വൃക്ഷശിഖരങ്ങളിൽ കൂടുണ്ടാക്കി താമസിക്കുന്ന വിവിധയിനം പക്ഷികൾക്കും ദേശാടനക്കിളികൾക്കുമാണ് പ്രകൃതിസംരക്ഷണസംഘവും ചൂണ്ടൽ ഗവ. യുപി സ്കൂളും ചേർന്ന് സ്നേഹത്തണ്ണീർകുടങ്ങൾ വൃക്ഷങ്ങളിൽ സ്ഥാപിച്ചത്.
പ്രകൃതി സ്നേഹികൾക്കൊപ്പം ജനപ്രതിനിധികളും വിദ്യാർഥികളും അധ്യാപകരും കിളിക്കൂട്ടം പരിരക്ഷണ പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ അങ്കണത്തിലെ വൃക്ഷച്ചുവട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.കരീം സ്നേഹത്തണ്ണീർ കുടം പദ്ധതി ഉദ്ഘാടനംചെയ്തു.
പ്രകൃതി സംരക്ഷണ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംഘം നടത്തിയ സ്കൂൾതല ക്വിസ് മത്സരത്തിൽ വിജയികളായവർക്കുള്ള അവാർഡുകളും അദ്ദേഹം സമ്മാനിച്ചു.പ്രകൃതിസംരക്ഷണസംഘം ചൂണ്ടൽ പഞ്ചായത്ത് കമ്മിറ്റി കോ-ഓർഡിനേറ്റർ പി.എസ്. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഷാജി തോമസ് മുഖ്യപ്രഭാഷണം നടത്തി.
ഷാജൻ സി.ജേക്കബ്, സ്കൂൾ പ്രധാനാധ്യാപിക അന്പളി എന്നിവർ പ്രസംഗിച്ചു.