വൈക്കം: തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ പാലത്തിലെ രണ്ടാംഘട്ട ഷട്ടർ ഘടിപ്പിക്കൽ ആരംഭിച്ചു. വികസന പ്രവർത്തനത്തിന്റെ ഭാഗമായി ബണ്ടിന്റെ നടുവിലെ മണ്ചിറ നീക്കി പൂർണമായി കായലിനെ ഒഴുക്കാനായി പാലം തീർത്തിരുന്നു. 28 സ്പാനുകളുള്ള പുതിയ പാലത്തിൽ 14 സ്റ്റെയിൻ ലസ് സ്റ്റീൽഷട്ടറുകൾ സ്ഥാപിച്ചിരുന്നു.
ശേഷിക്കുന്ന 14 ഷട്ടറുകൾ സ്ഥാപിക്കുന്ന പണികളാണ് വീണ്ടും തുടങ്ങിയത്. ഇതിനൊപ്പം ബോട്ടുകൾക്കും മറ്റും കടന്നു പോകുന്നതിനായി രണ്ടു ലോക്കുകളുടെ നിർമാണവും ഷട്ടറുകൾ ഉയർത്തുന്നതിനും താഴ്ത്തുന്ന പ്രവർത്തനങ്ങൾക്കുമായി കണ്ട്രോളിംഗ് റൂമിന്റെ നിർമാണവും നടക്കും.
വിനോദ സഞ്ചാര സാധ്യത വർധിപ്പിക്കുന്നതിനായി കായലിൽ പാലത്തോടനുബന്ധിച്ച് വിഭാവനം ചെയ്ത തുരുത്തുകളുടെ നിർമാണം മൽസ്യത്തൊഴിലാളികളുടെ എതിർപ്പിനെ തുടർന്ന് അനിശ്ചിതത്വത്തിലാണ്. ആയിരക്കണക്കിനു ഏക്കർ നെൽകൃഷിയെയും ഇടവിളകളെയും ഓരുജല ഭീഷണിയിൽ നിന്നു പരിരക്ഷിക്കുന്നതിനാണ് വേന്പനാട്ടു കായലിൽ തണീർമുക്കം ബണ്ട് തീർത്തത്.
കായലിന്റെ നടുവിൽ മണ്ചിറയും വശങ്ങളിൽ ഷട്ടറുകളോടുകൂടിയ പാലങ്ങളുമാണ് ഉണ്ടായിരുന്നത്. 150ൽപ്പരം മൽസ്യ ഇനങ്ങളുണ്ടായിരുന്നത് 50ൽ താഴെയായി ചുരുങ്ങി. കായലിൽ സമൃദ്ധമായി ലഭിച്ചിരുന്ന കരിമീൻ, ചെമ്മീൻ, കൊഞ്ച് തുടങ്ങിയ മൽസ്യങ്ങളുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായി.
കായൽ മലിനീകരണം കായലോരവാസികൾക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കി. വിനോദ സഞ്ചാരം വർധിച്ചതോടെ മനുഷ്യവിസർജ്യമടക്കമുള്ള മാലിന്യങ്ങൾ വെള്ളത്തിൽ കലർന്നു. ബണ്ട് മാസങ്ങളോളം അടഞ്ഞുകിടക്കുന്നത് മൂലം മലിനീകരണം കായലിന്റെ നാശത്തിനു തന്നെവഴിയൊരുക്കുന്ന സാഹചര്യത്തിലാണ് കായൽ പൂർണമായി ഒഴുക്കാൻ തണ്ണീർമുക്കം ബണ്ടിൽമൂന്നാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്. 187 കോടി രൂപയോളം വിനിയോഗിച്ചുള്ള പദ്ധതി അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്.