കുര്യൻ കുമരകം
കുമരകം: എല്ലാ വർഷവും മാർച്ച് 15ന് തുറക്കേണ്ട തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഇന്നു മുതൽ ഭാഗികമായി തുറക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നെങ്കിലും വീണ്ടും മാറ്റി. ഈ മാസം 30-ന് തുറക്കുമെന്നാണ് പുതിയ അറിയിപ്പ്.
ആലപ്പുഴ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗമാണ് ഇന്നു ബണ്ട് തുറന്നു തുടങ്ങാൻ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നത്. ബണ്ടിന്റെ തണ്ണീർമുക്കം ഭാഗത്തു നിന്നു തുടങ്ങുന്ന 31 ഷട്ടറുകൾ തുറക്കാനായിരുന്നു തീരുമാനം.
കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും കൊയ്ത്തും നെല്ലുസംഭരണവും പൂർത്തിയാകാത്തതിനാൽ ഇന്ന് ഷട്ടറുകൾ ഉയർത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഡിസംബർ 15-ന് അടച്ച് മാർച്ച് 15-ന് തുറക്കണമെന്നാണ് ബണ്ട് നിർമ്മാണ വിദഗ്ധ സമിതിയുടെ ശിപാർശ.
കുട്ടനാട്ടിൽ ഉപ്പ് വെള്ളം കയറാതെ ഇരിപ്പു കൃഷി സാധ്യമാക്കുകയായിരുന്നു ബണ്ടിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ കൃഷി വകുപ്പിന്റെ ശിപാർശ പ്രകാരമാണ് ബണ്ട് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത്.
കൃഷി ഇറക്കുന്നതിനും വിളവെടുപ്പും സംഭരണവും നടത്തുന്നതിനും കൃഷി വകുപ്പ് പ്രത്യേക കലണ്ടർ തയ്യാറാക്കിയിട്ടുണ്ടെങ്കിലും പ്രളയം അടക്കമുള്ള കാരണങ്ങളാൽ കർഷകർക്ക് കാർഷിക കലണ്ടർ പാലിച്ച് കൃഷി ഇറക്കാനാകുന്നില്ല.
മാർച്ച് 15 കഴിഞ്ഞതു മുതൽ ഷട്ടർ ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യ തൊഴിലാളികളും പരിസ്ഥിതി പ്രവർത്തകരും സമരരംഗത്താണ്.