ചേർത്തല: തണ്ണീർമുക്കം ബണ്ടിലെ മണൽചിറയിലെ മണൽനിക്ഷേപത്തിന്റെ അവകാശത്തെചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടയിൽ രാത്രിയുടെ മറവിൽ മണൽ കടത്തിക്കൊണ്ടുപോയതായി പരാതി.
ബണ്ടിനുസമീപം മണൽചിറയിൽ നിന്നും ജെസിബി ഉപയോഗിച്ച് നിക്ഷേപിച്ച മണൽകൂനകളിൽ പലതും ഇരുളിന്റെ മറവിൽ അപ്രത്യക്ഷമായെന്ന് നാട്ടുകാർ പറയുന്നു. ലോറികളിലും വള്ളങ്ങളിലുമായെത്തിയ സംഘങ്ങളാണ് മണൽകടത്തിയത്. ഇതുസംബന്ധിച്ച് പ്രദേശവാസികൾ മുഖ്യമന്ത്രിക്കും ജില്ലാകളക്ടർക്കും പരാതി നല്കി.
ബണ്ടിന്റെ നിർമാണസാമഗ്രികളുമായി എത്തുന്ന വലിയ ലോറികളിൽ രാത്രികാലങ്ങളിൽ മണൽ കടത്തുന്നതായും അതോടൊപ്പം ബണ്ടിന്റെ നിർമാണത്തിന് കോടികൾ മുടക്കി സർക്കാർ തയാറാക്കി സൂക്ഷിച്ചിരുന്ന പൈലുകളും ഇവിടെനിന്നു കടത്തിയതായും നാട്ടുകാർ പരാതിപ്പെടുന്നു.
ഇതുസംബന്ധിച്ച് നിരവധി തവണ അധികാരികളെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. നാൽപതുവർഷങ്ങൾക്കുമുന്പ് ഈ പ്രദേശത്തിലെ വിവിധയിടങ്ങളിൽ നിന്നായി കുഴിച്ചെടുത്ത മണ്ണും, കായലിൽ നിന്ന് ഡ്രഡ്ജ് ചെയ്ത മണ്ണും ഉപയോഗിച്ച് അന്നത്തെ കരാറുകാരനോടൊപ്പം നാട്ടുകാർ കൂടി ശ്രമദാനമായി പണിയെടുത്താണ് മണ്ചിറകൾ നിർമിച്ചത്.
അതുകൊണ്ട് പ്രദേശവാസികൾക്ക് മഴക്കെടുതികളിൽ നിന്നും, വെള്ളക്കെട്ടിൽ നിന്നും രക്ഷപെടുന്ന തരത്തിൽ താഴ്ന്നപ്രദേശങ്ങൾ ഉയർത്തുന്നതിനുവേണ്ടി മണൽചിറയിലെ മണ്ണ് ഉപയോഗപ്പെടുത്തണമെന്നും അതിനു പഞ്ചായത്ത് മുൻകൈ എടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇതുസംബന്ധിച്ച് നാട്ടുകാർ ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രിക്ക് നല്കി.
അതേസമയം ബണ്ടിലെ മണലിന്റെ അവകാശത്തെചൊല്ലിയുള്ള തർക്കം ഒൗദ്യോഗികതലത്തിൽ തീരുമാനമാകാതെ നീളുകയാണ്. ബണ്ടിനായി ആറുവർഷങ്ങൾക്ക് മുന്പ് തയാറാക്കിയ എസ്റ്റിമേറ്റിൽ മണൽചിറ കരാറുകാരൻ പൊളിച്ചുമാറ്റണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
എന്നാൽ ഇത് നിയമപരമല്ലെന്നും മണലിന് തങ്ങൾക്കാണ് അവകാശമെന്നും തണ്ണീർമുക്കം പഞ്ചായത്ത് വാദമുയർത്തി രംഗത്തെത്തിയതോടെയാണ് പ്രശ്നം സർക്കാരിന് മുന്നിലെത്തിയത്. ഇതേ തുടർന്ന് ജലസേചന മന്ത്രി പ്രശ്നം പരിഹരിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാൽ തീരുമാനം നീളുന്പോൾ മണൽ അവിടെതന്നെ കാണുമോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.