ചേർത്തല: തണ്ണീർമുക്കം ബണ്ടിൽ ഇന്നലെ വൈകുന്നേരം മുതൽ നിരോധിച്ചിരുന്ന വാഹനഗതാഗതം ഇന്നു രാവിലെ ഏഴോടുകൂടി പുനസ്ഥാപിച്ചു. തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാംഘട്ടത്തിന് നിർമിച്ച പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായി അപ്രോച്ച് റോഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനുവേണ്ടിയാണ് ഇന്നലെ വൈകുന്നേരം മുതൽ വാഹനഗതാഗതം നിരോധിച്ചത്.
ഇന്നലെ രാത്രിയിൽ തന്നെ അപ്രോച്ച് റോഡുകൾ തമ്മിൽ ബന്ധിപ്പിക്കാനായി. പുതിയതും പഴയതുമായ പാലങ്ങളെ ബന്ധിപ്പിക്കുന്ന ഭാഗം കോണ്ക്രീറ്റ് ചെയ്ത് ഉറപ്പിച്ച് ടൈൽ വിരിച്ചാണ് ഗതാഗതം സജ്ജമാക്കിയത്. ഇന്നു രാവിലെ മുതൽ ഗതാഗതത്തിനായി ബണ്ട് തുറന്നുകൊടുത്തുവെങ്കിലും ഇപ്പോഴും പഴയ മണൽച്ചിറവഴിയാണ് വാഹനം കടത്തിവിടുന്നത്.
മൂന്നാം ഘട്ടത്തിന്റെ ഭാഗമായി നിർമിച്ച പാലത്തിൽ കൂടിയുള്ള വാഹനഗതാഗതം ഇനി ഉദ്ഘാടനം നടത്തിയതിനുശേഷം മാത്രമേ ആരംഭിക്കുകയുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. അതിന്റെ തിയതി ഇതുവരെയും നിശ്ചയിച്ചിട്ടില്ല.
അതേസമയം പുതുതായി നിർമിച്ച മൂന്നാംഘട്ടത്തിന്റെ വടക്ക് ഭാഗത്തുള്ള മണൽച്ചിറ പൊളിച്ച് സമീപത്ത് കരയായുള്ള ഭാഗത്തേക്ക് വെള്ളം കയറ്റുന്നതിനുള്ള ജോലിയും അന്തിമഘട്ടത്തിലാണ്.
ചിറയായി നിലനിർത്താൻ ഉദ്ദേശിക്കുന്ന ഭാഗത്താണ് മണൽ നിക്ഷേപിക്കുന്നത്. ലോക്കിലൂടെ വെള്ളം കയറ്റിവിടാനാണ് പദ്ധതി. അത് പൂർത്തിയായാൽ തെക്കുഭാഗത്ത് നിലവിൽ വാഹനഗതാഗതത്തിന് ഉപയോഗിക്കുന്ന ചിറയും ലോക്കിന്റെ വിസ്തൃതിക്ക് അനുസൃതമായി പൊളിയ്ക്കും.
അതേസമയം തെക്കേച്ചിറ പൂർണമായി പൊളിക്കുന്നത് ഇനിയും വൈകും. ഇവിടെനിന്ന് എടുക്കുന്ന മണ്ണിന് തണ്ണീർമുക്കം പഞ്ചായത്തും മറ്റ് സംഘടനകളും അവകാശവാദം ഉന്നയിച്ചത് പരിഹരിച്ചാലേ അത് സാധ്യമാകൂ.