ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ മധ്യത്തിലുള്ള മണൽച്ചിറ പൊളിക്കാൻ നടപടിയായി. തണ്ണീർമുക്കത്തുനിന്നുള്ള ബണ്ടിന്റെ ഒന്നാംഘട്ടവും അംബികാ മാർക്കറ്റ് ഭാഗത്തുനിന്നുള്ള രണ്ടാംഘട്ടത്തിനുമിടയിലുള്ള മണൽച്ചിറ അടിയന്തരമായി പൊളിച്ചുനീക്കാൻ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ബണ്ടിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ പുതിയ പാലവുമായി ചേരുന്ന ഭാഗത്തെ റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചു. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിനുശേഷമാകും മണൽച്ചിറ പൊളിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിക്കുക.
നിലവിൽ പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് പഴയ മണൽച്ചിറയും കിഴക്ക് ഭാഗത്ത് പാലം നിർമാണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച താത്ക്കാലിക മണൽച്ചിറയുമുണ്ട്. ഇതിനിടയിലേക്ക് വെള്ളം പന്പ് ചെയ്ത് കയറ്റിയതിനുശേഷമാകും ചിറ പൊളിക്കുക.
മണൽച്ചിറയിലെ മണലിന്റെ അവകാശവുമായി ബന്ധപ്പെട്ട തർക്കം മൂലമാണ് മണൽച്ചിറ പൊളിക്കൽ നീണ്ടുപോയത്. കരാറുകാരൻ മണൽച്ചിറ പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെ തണ്ണീർമുക്കം പഞ്ചായത്ത് അവകാശവാദമുന്നയിച്ച് രംഗത്തെത്തുകയായിരുന്നു.