ആലത്തൂർ: മീനത്തെ വെല്ലുന്ന ചൂട് കുംഭത്തിത്തിൽ അനുഭവപ്പെട്ടതോടെ ദാഹശമനിയായി കേരളക്കരയിൽ തണ്ണിമത്തനെത്തി. മലയാളിയുടെ തനതായ ദാഹശമനികളായ പനനൊങ്ക്, ഇളനീർ, നന്നാരി സർബത്ത് എന്നിവയ്ക്കൊപ്പം വർഷങ്ങളായി തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നും തണ്ണിമത്തനുമെത്തുന്നുണ്ട്.
മീനമാസത്തിൽ അനുഭവപ്പെടുന്ന ചൂടാണ് ഇപ്പോൾ കുംഭമാസം ആദ്യം ജില്ലയിൽ അനുഭവപ്പെടുന്നത്. ശീതളപാനിയങ്ങൾ ബോട്ടലിൽ നിറച്ചത് ഏറെ മാർക്കറ്റിലുണ്ടെങ്കിലും പ്രകൃതിവിഭവങ്ങൾക്കു തന്നെയാണ് ഡിമാന്റ്. വാങ്ങി സൂക്ഷിച്ച് ആവശ്യത്തിന് ഉപയോഗിക്കാമെന്നതാണ് തണ്ണിമത്തന്റെ പ്രത്യേകത.ദക്ഷിണേന്ത്യയിൽ ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ വിവിധയിനം തണ്ണിമത്തൻ ധാരാളമായി കൃഷി ചെയ്യുന്നു. തമിഴ്നാട്ടിൽ ദുർബുസ്നി എന്നപേരും ഇതിനുണ്ട്.
പാലക്കാട് ജില്ലയ്ക്കടുത്തായി സ്ഥിതിചെയ്യുന്ന തമിഴ്നാട്ടിലെ ഉടുമൽപേട്ട, കാങ്കയം, പഴനി, ഒട്ടംഛത്രം എന്നിവിടങ്ങളിൽ നിന്നെല്ലാം തണ്ണിമത്തൻ കേരളത്തിലെത്തുന്നുണ്ട്. ആലത്തൂർ ഭാഗത്തു മാത്രം ദിവസേന ടൺ കണക്കിന് മത്തൻ വിറ്റഴിയുന്നുണ്ട്. സാധാരണ ഇനത്തിന് കിലോയ്ക്ക് 15 രൂപ യാണ് ഇപ്പോഴത്തെ വില. ജൂസ്സായും ലഭിക്കും. ഗ്ലാസിന് പത്തുരൂപയാണ് വില,
ആന്ധ്രയിൽനിന്ന് ഒരു ലോഡ് മത്തൻ ആലത്തൂരിലെത്താൻ 50000 രൂപവരെ ചെലവ് വരും. മൂന്നുമുതൽ അഞ്ചുവരെ കിലോ തൂക്കം വരുന്ന ചെറിയ കായകളാണ് ഇപ്പോൾ എത്തിയിട്ടുള്ളത്. 15 കിലോ വരെ തൂക്കം വരുന്ന മത്തനുമുണ്ട്.
വ്യാപാരത്തിലെ വിശ്വാസം അനുസരിച്ച് ഫോൺ വഴി ഓർഡറും പണം ബാങ്ക് അക്കൗണ്ടിലും അടച്ചാൽ സാധനം പറയുന്ന സ്ഥലത്ത് എത്തിച്ചുനല്കും. ആന്ധ്രയിലെ വിജയവാഡ, ഗുണ്ടൂർ, പ്രകാശം, മച്ചിലപട്ടണം, ഖമ്മം ജില്ലകളിലും കർണാടകയിൽ ബാംഗ്ലൂർ, തുംകൂർ, മാണ്ഡ്യ ജില്ലകളിലും തണ്ണിമത്തൻ കൃഷിയുണ്ട്. ഇവിടെ നിന്നെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മത്തൻകയറ്റി പോകുന്നുണ്ട്.