മുഹമ്മ: കരപ്പുറത്തെ ചൊരിമണലിൽ ചരിത്രമെഴുതുകയാണ് ഫിലിപ്പ് ചാക്കോ എന്ന യുവകർഷകൻ. കാർഷിക മേഖലയിലുള്ളവരെ വരെ വിസ്മയത്തിലാഴ്ത്തി തണ്ണിമത്തൻ കൃഷിയിൽ വിജയതിലകമണിയുകയാണ് ഫിലിപ്പ് ചാക്കോ.
മൂന്നുമാസം മുന്പ് കഞ്ഞിക്കുഴി പഞ്ചായത്തിൽ തരിശുകിടന്ന അഞ്ചേക്കർ പാടശേഖരത്തിൽ പാകിയ തണ്ണിമത്തൻ വിളഞ്ഞ കാഴ്ച മനം കുളിർപ്പിക്കുന്നതാണ്.
പരന്പരഗത കൃഷിയിൽനിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് തണ്ണിമത്തൻ കൃഷിക്ക് പ്രേരണയായതെന്ന് ഫിലിപ്പ് ചാക്കോ പറയുന്നു.
കഞ്ഞിക്കുഴിയിലേയും മുഹമ്മയിലേയും തരിശുകിടക്കുന്ന 33 ഏക്കർ പാടശേഖരം കൃഷിക്ക് ഉപയുക്തമാക്കിയ ഫിലിപ്പ് പുത്തൻ പരീക്ഷണങ്ങളുമായി കാർഷിക മേഖലയിൽ ഉറച്ചുനിൽക്കാനുള്ള തീരുമാനത്തിലാണ്.
എംബിഎ ബിരുദധാരിയായ ഇദ്ദേഹം പ്ലാന്റേഷൻ കന്പനിയിലെ ആകർഷകമായ ജോലി ഉപേക്ഷിച്ചാണ് കാർഷിക മേഖലയിലേക്ക് തിരിഞ്ഞത്.
സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തംഗം ആർ. പുഷ്പവല്ലി, സിപിഎം ഏരിയാ സെക്രട്ടറി രാധാകൃഷ്ണൻ, കൃഷി ഡപ്യൂട്ടി ഡയറക്ടർ എം. ലക്ഷ്മണൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.സി. ഷീന, കൃഷി അസിസ്റ്റന്റുമാരായ വി.ടി. സുരേഷ്, കെ.എസ്. ദീപക് എന്നിവർ പ്രസംഗിച്ചു.