കോട്ടയം: വേനൽ ചൂടിൽ വെന്തുരുകുന്നതിനിടയിൽ ശരീരവും മനസും ഒന്നു തണുപ്പിക്കാൻ തണ്ണീർമത്തനുകൾ എത്തി.
ജലാംശം കൂടുതലുള്ള പഴം എന്ന നിലയിലാണ് തണ്ണീർമത്തന്‍ പ്രിയമേറിയിരിക്കുന്നത്.
ഓറഞ്ച് ഉൾപ്പെടെയുള്ള പഴങ്ങളുടെ സീസണ് അവസാനിക്കാറായതും തണ്ണീർമത്തനുകൾക്ക് ഡിമാൻഡ് ഏറി. തമിഴ്നാട്ടിൽനിന്നുമാണു വ്യാപകമായി തണ്ണീർമത്തൻ എത്തിയിരിക്കുന്നത്.
നാംധാരി എന്ന പേരിലുള്ള വലിപ്പം കൂടിയ, ഇളം പച്ച നിറത്തിലുള്ള തണ്ണീർമത്തനുകൾക്കാണ് ആവശ്യക്കാരേറെ. ഇവ പോഷകത്തിലും മധുരത്തിലും മെച്ചമാണെന്നും കച്ചവടക്കാർ അവകാശപ്പെടുന്നു. 30 രൂപയാണ് കിലോയ്ക്ക് ഇതിന്റെ വില.
കർണാടകയിൽനിന്നുമുളള കിരണ്‍ തണ്ണിമത്തനും എത്തിയിട്ടുണ്ട്. വലിപ്പം കുറഞ്ഞ തണ്ണിമത്തനുകളാണു കിരണ്‍. ഇതിനു 40 രൂപയാണ് വില. മഞ്ഞനിറത്തിലുള്ള തണ്ണിമത്തനുമുണ്ട്.
വേനൽ ചൂടിൽനിന്നും രക്ഷ നേടാൻ തണ്ണിമത്തൻ ആളുകൾ കൂടുതലായി വാങ്ങുന്നതോടെ വ്യാപാരികളുടെ ഉള്ളവും കുളിരണിഞ്ഞിരിക്കുകയാണ്.