മുണ്ടക്കയം: പകൽ ചൂടിന്റെ ആധിക്യം കൂടിയതോടെ വഴിയോരങ്ങളിൽ ശീതളപാനിയ കച്ചവടങ്ങൾ സജീവമായി. കൊട്ടാരക്കര – ദിണ്ഡിഗൽ ദേശീയപാതയോരത്ത് മരത്തണൽ ഉള്ള ഇടങ്ങളിലെല്ലാം ഇത്തരം കച്ചവടങ്ങൾ ഉഷാറായിക്കഴിഞ്ഞു.
രാവിലെ ഒന്പതോടെ ആരംഭിക്കുന്ന കച്ചവടം രാത്രി വൈകിയും തുടരും. നാരങ്ങാ വെള്ളത്തിന് പുറമെ, തണ്ണിമത്തൻ ജ്യൂസ്, മോരുംവെളളം, കുലുക്കി സർബത്ത്, വിവിധയിനം പഴ ജ്യൂസുകളും പല നിറങ്ങളിലും ആരോഗ്യത്തിന് ഹാനികരമല്ലാത്ത രസക്കൂട്ടുകളും ചേർത്താണ് വിൽപ്പന നടത്തുന്നത്.
പടിഞ്ഞാറൻ ജില്ലകളിൽ നിന്നും കിഴക്കൻ മേഖലയിലേക്ക് ബൈക്കിലും മറ്റ് വാഹനങ്ങളിലുമായി എത്തുന്ന യാത്രക്കാരാണ് പ്രധാന ഉപയോക്താക്കൾ. കച്ചവടം തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഇത് നിർമിക്കാൻ എടുക്കുന്ന വെള്ളത്തിന്റെയും ഐസ് കട്ടകളുടെയും ശുചിത്വം തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പു വരുത്തി പൊതു ജനാരോഗ്യം ഉറപ്പുവരുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.