പത്തനാപുരം : വേനലിന്റെ ചുട്ടുപൊള്ളലിന് ആശ്വാസമേകി തണ്ണിമത്തന് വിപണി.ശരീരത്തിലെ ജലനഷ്ടം കുറച്ച് ചൂടിന്റെ ആധിക്യം കുറയ്ക്കാന്‍ സഹായിക്കുന്ന തണ്ണിമത്തന് വാങ്ങാനായി ആവശ്യക്കാര്‍ ഏറുന്നു.വിപണി സജീവമായതോടെ വ്യാപാരികളും വര്‍ദ്ധിച്ചു. കേരളത്തിൽ അപൂർവ്വമായ ഈ മറുനാടൻ ഫലത്തെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച് കഴിഞ്ഞു.
എന്നാൽ ഇത്തവണ തമിഴ്നാടൻ തണ്ണിമത്തനെ പിന്തള്ളി വയനാട്ടിൽ നിന്നു വരുന്ന തണ്ണിമത്തനും വിപണിയിൽ താരമാകുന്നുണ്ട്.പച്ചയും കറുപ്പും തണ്ണിമത്തനുകൾ അടക്കി ഭരിച്ചിരുന്ന പഴവിപണിയിൽ ഇപ്പോൾ മഞ്ഞ മത്തനും വൻ ഡിമാന്റാണ്.
കനത്തചൂടിനാശ്വാസമാണ്തണ്ണിമത്തൻ.ശരീരത്തിലുണ്ടാകുന്ന ജല നഷ്ടം ലഘൂകരിക്കാനും ചൂട് കൂടുമ്പോഴുള്ള ശാരീരിക അസ്വസ്ഥതകൾ പരിഹരിക്കാനും സഹായിക്കുന്നതാണ് തണ്ണിമത്തങ്ങകൾ.തെക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലയുടെ കിഴക്കൻ മേഖലയിലാണ് കൂടുതലും ഈ ഫലത്തിന്റെ കച്ചവടം നടക്കുന്നത്.
അന്യസംസ്ഥാനത്ത് നിന്നും എത്തുന്ന മത്തൻ വേഗത്തിൽ നശിക്കുന്നതും, മാരകമായ രാസപ്രയോഗത്താൽ ഉപയോഗിക്കുന്നവർക്ക് അസുഖങ്ങളുണ്ടാക്കുന്നതും വിപണിയിൽ നിന്നു പിന്തള്ളാൻ കാരണമാകുന്നതായാണു വിൽപ്പനക്കാർ പറയുന്നത്.വരൾച്ച ശക്തമാകുന്ന മലയോരമേഖലയിൽ ധാരാളം ആളുകളാണ് തണ്ണിമത്തൻ വാങ്ങനായി എത്തുന്നത്.
കിലോയ്ക്ക് പതിനഞ്ച് മുതലാണ് വില.നിറം മാറുന്നതനുസരിച്ച് വിലയും വര്‍ദ്ധിക്കുന്നു.മഞ്ഞ നിറത്തിലുള്ള മത്തന്‍ വില നാല്പത് രൂപയിലേറെയാണ്.തമിഴ്നാട് ,കർണ്ണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലും മത്തൻ എത്തിയിരുന്നത്.പാതയോരങ്ങളിൽ താൽകാലിക സംവിധാനം ഒരുക്കിയാണ് കച്ചവടം.ദീർഘദൂരയാത്രക്കാരടക്കം തണ്ണിമത്തനായി എത്തുന്നുണ്ട്.
തണ്ണിമത്തന് ഉപയോഗിച്ചുള്ള ജ്യൂസും സര്‍ബത്തും തുടങ്ങി വിവിധ പാനീയങ്ങളും വിപണിയിലുണ്ട്.ഇത്തവണ എത്തുന്നവരിൽ അധികവും മഞ്ഞ തണ്ണിമത്തനാവശ്യപ്പെടുന്നതായും കച്ചവടക്കാർ പറയുന്നു.