കോട്ടയം: തണ്ണിമത്തൻ കൃഷിയിൽ വജയഗാഥയുമായി കുടുംബശ്രീ അംഗങ്ങൾ. കുടുംബശ്രീ ജില്ലാ മിഷന് നടപ്പാക്കുന്ന വേനല്‍ മധുരം തണ്ണിമത്തന് കൃഷിക്കാണ് നൂറുമേനി വിളവ്. നീണ്ടൂര്‍ പഞ്ചായത്തിലെ മേക്കാവ് കൃഷിയിടത്തിലായിരുന്നു തണ്ണിമത്തന് കൃഷി. ഗുണമേന്മയുള്ള വിഷരഹിത തണ്ണിമത്തന് ലഭ്യമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
പഞ്ചായത്തിലെ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പാണ് കൃഷിയിറക്കിയത്. മുക്കാസ ഇനത്തില്‍പ്പെട്ട കിരണ്‍ മത്തനായിരുന്നു പ്രധാന കൃഷി. അകം ഓറഞ്ച്, മഞ്ഞ നിറത്തിലാകുന്ന കിരണ്‍ മത്തനുകളും ഷുഗര്‍ ബേബി ഇനത്തില്‍പ്പെട്ട തൈകളുമുണ്ട്.
കൈപ്പുഴ തിരുനെല്ലി പറമ്പില്‍ 50 സെന്റിലും പുളിക്കല്‍ അനില്‍കുമാറിന്റെ ഒരേക്കര്‍ സ്ഥലത്തും പുളിക്കല്‍ വേണുഗോപാലിന്റെ അരയേക്കര്‍ സ്ഥലത്തുമായിരുന്നു പ്രധാനമായും കൃഷി. ഏകദേശം 3,000 തൈകളാണ് നട്ടത്. ഒരുമ, അനശ്വര ജെഎല്‍ജി ഗ്രൂപ്പുകളിലെ 25 ഓളം വീട്ടമ്മമാരാണ് പ്രയത്നത്തിനു പിന്നില്‍. പൂര്‍ണവളര്‍ച്ചയിലേക്ക് അടുക്കുകയാണ് വിളകള്‍. അടുത്തമാസം വിളവെളുപ്പ് നടത്തും.
വേപ്പിന്‍പിണ്ണാക്ക്, രാജ്ഫോസ്, എല്ലുപൊടി,ചാണകപ്പൊടി, സൂഡോമോണാസ്, പൊട്ടാഷ്, യൂറിയ, ഫിഷ് അമിനോ ആസിഡ് തുടങ്ങിയ വളങ്ങളിട്ടും ആഴ്ചയിലൊരിക്കല്‍ എന്‍പികെ സ്പ്രേയടിച്ചും മൂന്നുദിവസം സൂക്ഷിച്ച കടലപ്പിണ്ണാക്ക് – ശര്‍ക്കര മിശ്രിതം വെള്ളത്തില്‍ ലയിപ്പിച്ച് തളിച്ചുമായിരുന്നു പരിപാലനം.
വലിയ വീപ്പയില്‍ വെള്ളം ശേഖരിച്ച് കുടത്തില്‍ ചുമന്നായിരുന്നു വെള്ളം തളിച്ചത്. ഏറെ കഷ്ടപ്പെട്ടെങ്കിലും ഫലമുണ്ടായെന്നു പറയുമ്പോള്‍ നീണ്ടൂര്‍ പഞ്ചായത്ത് അഗ്രി സിആര്‍പിപി ബിന്ദു അജിത്തിന്റെ വാക്കുകളില്‍ നിറഞ്ഞ സന്തോഷവും സംതൃപ്തിയും. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 80 ഏക്കര്‍ സ്ഥലത്ത് കുടുംബശ്രീയുടെ തണ്ണിമത്തന് കൃഷി വിജയകരമായി നടന്നുവരുന്നുണ്ട്.