കോട്ടയം: പാലായിലും തണ്ണിമത്തനോ… ആദ്യം എല്ലാവരും അതിശയിച്ചു. ഒന്നും രണ്ടും കിലോയല്ല പതിനായിരം കിലോ തണ്ണിമത്തനാണ് മീനച്ചില് നദീതീരത്ത് വിളഞ്ഞു പാകമായി നില്ക്കുന്നത്. പാലാ വെള്ളിയേപ്പള്ളി കൊഴിഞ്ഞൂര്ത്താഴെ എസ്. അജിത്തിന് ഇപ്പോള് തണ്ണീര്മത്തന് ദിനങ്ങളാണ്.
അയല് സംസ്ഥാനങ്ങളിലും ശൈത്യമേഖലയിലും മാത്രം കൃഷി ചെയ്തിരുന്ന തണ്ണിമത്തന് കൃഷിയില് അജിത്ത് നൂറുമേനി വിളവാണ് നേടിയിരിക്കുന്നത്. ആറായിരം കിലോ തണ്ണിമത്തന് ഇതിനോടകം വിളവെടുത്തു കഴിഞ്ഞു. ഇനി ഒരു 10,000 കിലോ വിളവെടുക്കാന് പാകമായി നില്ക്കുന്നു. പച്ചക്കറിക്കൃഷിക്കൊപ്പം ഒരു പരീക്ഷണമെന്ന നിലയില് അജിത്ത് തണ്ണിമത്തന് കൃഷി ആരംഭിക്കുകയായിരുന്നു.
ആദ്യം 50 സെന്റില് 1500 വിത്തുകളാണ് നട്ടത്. 8000 കിലോ വിളവാണ് അജിത്തിനു നേടാനായത്. പിന്നീട് കൃഷി വ്യാപിപ്പിച്ചു. ഇപ്പോള് രണ്ടരയേക്കര് സ്ഥലത്താണ് കൃഷി. വിത്തിട്ട് മുളച്ചാല് രണ്ടര മാസം കഴിഞ്ഞാല് വിളവാകും. ആവശ്യക്കാര്ക്ക് നേരിട്ടുള്ള വില്പനയാണ്. സ്വന്തമായുള്ള അവാനി എന്ന പേരിലുള്ള ഫാമിന്റെ പേരിലുള്ള വാട്സാപ് കൂട്ടായ്മയില് പരസ്യം നല്കുന്നതനുസരിച്ച് ആവശ്യക്കാര് നേരിട്ടെത്തി വാങ്ങും.
ഇതു കൂടാതെ വീടിനോടു ചേര്ന്നുള്ള ഫാമിലൂടെയും വില്പനയുണ്ട്. ആളുകള്ക്ക് സാംപിള് നല്കി രുചി ബോധ്യപ്പെടുത്തിയാണ് വില്പന. ചെടിയില്നിന്ന് പറിച്ച ഉടനെതന്നെ ഉപഭോക്താവിന്റെ കൈകളില് എത്തുന്നതുകൊണ്ടുതന്നെ രുചിക്ക് കോട്ടം സംഭവിക്കുന്നില്ല.
ചെറുപ്പം മുതലേ അജിത്തിനു കൃഷിയോടായിരുന്നു പ്രിയം.
സ്വന്തം ഐടി കമ്പനിയുമായി എറണാകുളത്തായിരുന്ന അജിത്തിന് കൃഷിയിലേക്കിറങ്ങാന് പ്രചോദനമായത് കോവിഡ് കാലമാണ്. ജോലി വര്ക്ക് ഫ്രം ഹോം എന്ന രീതിയിലാക്കി അജിത്ത് മീനച്ചിലാറിന്റെ തീരത്തുള്ള തന്റെ സ്വന്തം മണ്ണിലേക്കിറങ്ങുകയായിരുന്നു.
വിഷു സീസണോട് അനുബന്ധിച്ചു വെള്ളരിയും കൃഷി ചെയ്യുന്നുണ്ട്. സൗഭാഗ്യ ഇനത്തില്പ്പെട്ട വെള്ളരി ഒരേക്കറിലായി 5000 തൈകളാണ് വിളവായി നില്ക്കുന്നത്. തണ്ണിമത്തനും വെള്ളരിയും പച്ചക്കറിയും മാത്രമല്ല വാഗമണ്ണില് സുഹൃത്തിനൊപ്പം ചേര്ന്ന് സ്ട്രോബെറിയും കൃഷി ചെയ്യുന്നുണ്ട്. ഭാര്യ രോഹിണിയും മകന് അഭിമന്യുവും കൃഷിയിടത്തില് അജിത്തിനൊപ്പമുണ്ട്.