മെഡിക്കൽകോളജ്: ജനുവരി മാസത്തിൽ ചൂട് കൂടിയതോടെ മലയാളികളുടെ മനം തണുപ്പിക്കാൻ ഡിണ്ടിഗൽ തണ്ണിമത്തൻ എത്തിത്തുടങ്ങി. തമിഴ്നാട്ടിൽനിന്ന് ഹെവി ലോറികളിലാണ് പ്രധാനമായും തണ്ണിമത്തൻ എത്തുന്നത്.
കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകത്തിൻ്റെ ഭാഗങ്ങളിൽ നിന്നും വളരെ അപൂർവമായി പാലക്കാട് നിന്നും തണ്ണിമത്തൻ എത്തുന്നുണ്ട്.
മൂന്ന് കിലോ മുതൽ 15 കിലോ വരെ തൂക്കം വരുന്ന തണ്ണിമത്തനുകൾ ഇപ്പോൾ വ്യാപകമായിട്ടുണ്ട്. ഒരു കിലോ തണ്ണിമത്തന് 30 രൂപയും തണ്ണിമത്തൻ ജ്യൂസിന് 20 രൂപയുമാണ് വില.ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പ്രധാനമായും ചൂടുകാലമായതുകൊണ്ട് നഗരത്തിൽ തണ്ണിമത്തൻ സ്റ്റാളുകൾ വ്യാപകമായിട്ടുണ്ട്.
സ്റ്റാളുകളിൽ എത്തി മുഴുവൻ തണ്ണിമത്തൻ കൊണ്ടുപോകുന്നതിനേക്കാളും മലയാളികൾക്ക് ഇപ്പോൾ പ്രിയം കൊടുംചൂടിൽ ഉരുകിയൊലിച്ചെത്തുമ്പോൾ ജ്യൂസ് വാങ്ങി കഴിക്കുന്നതാണ്.
തിരുവനന്തപുരം നഗരത്തിൽ മെഡിക്കൽ കോളജ്, ഉള്ളൂർ, കുമാരപുരം തുടങ്ങിയ സ്ഥലങ്ങളിലും വട്ടിയൂർക്കാവിൽ മണ്ണറക്കോണം, കുലശേഖരം, മരുതംകുഴി എന്നീ സ്ഥലങ്ങളിലും സ്റ്റാളുകൾ വ്യാപകമായിട്ടുണ്ട്.
വർഷങ്ങളായി ചൂടുകാലം ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നതുവരെ തമിഴ്നാട്ടിൽ നിന്ന് എത്തുന്ന തണ്ണിമത്തനുകളോട് മലയാളികൾക്ക് പ്രത്യേകത താൽപ്പര്യമാണ്.