കോന്നി: തണ്ണിത്തോട് – മന്ദിരം പടി റോഡിലെ കൈവരിയില്ലാത്ത പാലം യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു. വർഷങ്ങൾ പഴക്കമുള്ള പാലത്തിന്റെ കൈവരി തകർന്നിട്ട് നാളുകളേറെയായി. തണ്ണിത്തോട് പഞ്ചായത്തിലെ നാലാം വാർഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്.
വർഷങ്ങൾക്ക് മുന്പ് നടന്ന ഒരു ജീപ്പ് അപകടത്തിലാണ് പാലത്തിന്റെ കൈവരി പൂർണമായും തകർന്നതെന്ന് നാട്ടുകാർ പറയുന്നു. പാലം സ്ഥിതി ചെയ്യുന്ന തോടിന് നല്ല താഴ്ചയുണ്ട്. ഇതുവഴിയാണ് വലിയ വാഹനങ്ങൾ ഉൾപ്പടെ കടന്നു പോകുന്നത്. വലിയ വാഹനങ്ങൾ ഒരേ പോലെ എത്തിയാൽ മറികടന്നു പോകുന്നതിന് പ്രയാസം നേരിടുന്നു.
സ്ഥിരം യാത്രക്കാർക്ക് പാലത്തിന്റെ മോശം സ്ഥിതി മനസിലാക്കി യാത്രചെയ്യാമെന്നും പുറത്തു നിന്നും വരുന്ന വാഹനങ്ങളാണ് അപകടത്തിൽ പെടുന്നതെന്നും നാട്ടുകാർ പറയുന്നു. വനപ്രദേശങ്ങളിലേക്ക് ഇരുചക്രവാഹനങ്ങളിൽ എത്തുന്നവരും വേഗതയിലാണ് കടന്നു പോകുന്നത്. ഇതു കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു. അപകട സൂചനാ ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല. അപ്രോച്ച് റോഡുകളും തകർന്നിരിക്കുകയാണ്.