ചേർത്തല: തണ്ണീർമുക്കം ബണ്ടിന് സമാന്തരമായി വേന്പനാട് കായിലിന്റെ മധ്യഭാഗത്ത് 350 മീറ്റർ നീളത്തിലെ മണൽച്ചിറ പൊളിക്കുന്നതിന് പ്രാരംഭജോലികൾക്ക് ഇന്നലെ തുടക്കമായി. ചിറയുടെ വശങ്ങളിൽ അടുക്കിയിട്ടുള്ള പാറ നീക്കുന്ന ജോലികൾ ഇന്ന് ആരംഭിക്കു.
ശേഷമാകും മണൽച്ചിറ പൊളിച്ച് മണ്ണ് നീക്കംചെയ്യുക. ദുരന്തനിവാരണ അഥോറിട്ടിയുടെ തീരുമാനപ്രകാരമാണ് മണൽച്ചിറ നീക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ചത്. ഇതിനായി ടെൻഡർ നടപടികൾ അതിവേഗം പൂർത്തിയാക്കിയാണ് കഴിഞ്ഞദിവസം പ്രാരംഭജോലി ആരംഭിച്ചത്.
ചിറയുടെ പടിഞ്ഞാറെയറ്റത്തെ ഉപയോഗശൂന്യമായ കെട്ടിടാവശിഷ്ടം ഇന്നലെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കി. ചിറയുടെ ചെറുഭാഗം നേരത്തെ പൊളിച്ചപ്പോൾ ലഭിച്ച പാറ ലോറിയിൽകയറ്റി കെട്ടിടം പൊളിച്ച് സജ്ജമാക്കിയ ഭാഗത്ത് ഇറക്കി.
ചിറനീക്കുന്ന ജോലിയും ഇന്ന് ആരംഭിക്കും. വശങ്ങൾ ബലപ്പെടുത്താൻ അടുക്കിയിട്ടുള്ള പാറയും പിന്നാലെ മണ്ണുമാണ് നീക്കുക. ലഭിക്കുന്ന മണ്ണ് ബണ്ടിന്റെ കിഴക്കേകരയിൽ ജലസേചനവകുപ്പിന്റെ സ്ഥലത്താകും നിക്ഷേപിക്കുക.
ഇരുപത് ദിവസമെടുത്ത് ചിറ പൂർണമായി പൊളിച്ചുനീക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. ബണ്ടിന്റെ മൂന്നാംഘട്ടം നിർമിച്ചതോടെ നീരൊഴുക്കിന് തടസമാകുന്നതായി മണൽച്ചിറ. മൂന്നാംഘട്ട നിർമാണം ബിക്കിനിൽക്കെ കായലിന് കുറുകെ റോഡു ഗതാഗതം സാധ്യമാക്കുന്നതിനാണ് 420 മീറ്ററോളം നീളത്തിൽ ചിറകെട്ടിയതും റോഡ് നിർമിച്ചതും. മണ്‍സൂണിന് മുന്‍പ് ചിറപൊളിച്ച് കായലിലെ ജലപ്രവാഹം പൂർണതോതിൽ എത്തിക്കുക ലക്ഷ്യമാക്കിയാണ് സർക്കാർ നടപടി.