മലപ്പുറം: ബോട്ടില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റിയതാണ് ദുരന്തത്തിന് വഴിവച്ചതെന്ന് റിപ്പോര്‍ട്ട്. താനൂരില്‍ അപകടത്തില്‍പെട്ട ബോട്ട് യാത്ര തുടങ്ങുന്നതിന് മുമ്പേ ചെരിഞ്ഞിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.
എന്നാല്‍ നാട്ടുകാരില്‍ ചിലരുടെ മുന്നറിയിപ്പ് അവഗണിച്ചും ബോട്ട് മുന്നോട്ട് നീങ്ങുകയായിരുന്നു. ടിക്കറ്റെടുത്തെങ്കിലും സുരക്ഷ സംബന്ധിച്ച ആശങ്ക മൂലം അഞ്ച് പേര് ബോട്ടില്‍ കയറാതെ അവസാന നിമിഷം പിന്‍വാങ്ങി.
അപകടത്തില്‍ ബോട്ടുടമ താനൂര്‍ സ്വദേശി നാസറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വിനോദസഞ്ചാര ബോട്ടിന് വേണ്ട ഫിറ്റ്നസും അപകടത്തില്‍പെട്ട ബോട്ടിന് ഉണ്ടായിരുന്നില്ല. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. യാത്രയ്ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങളടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ല.