മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ച ഒരുകുടുംബത്തിലെ 11പേര്‍ക്കും ഒന്നിച്ച് അന്ത്യയാത്ര. താനൂര്‍ ജുമാമസ്ജിദിലെ ഖബറിസ്ഥാനില്‍ കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചാണ് ഖബര്‍ ഒരുക്കിയിരിക്കുന്നത്.
പെരുന്നാൾ അവധിയിൽ എല്ലാവരും ഒത്തുചേർന്നതായിരുന്നു കുന്നുമ്മലിലെ ആ കുഞ്ഞു വീട്ടിൽ. കുടുംബനാഥൻ കുന്നുമ്മൽ സൈതലവിയും സഹോദരങ്ങളായ കുന്നുമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബ വീട്ടിൽ ഒത്തു ചേർന്നത്.
നാടിന്റെ ഹൃദയം പിളര്‍ത്തിയ അപകടത്തില്‍ ആകുടുംബത്തിന് നഷ്ടമായത് കുഞ്ഞുങ്ങളടക്കം 11 ജീവന്. ഇനി അവശേഷിക്കുന്നത് താനും സഹോദരങ്ങളും പിന്നെ മാതാവും മാത്രമാണെന്ന് കുടുംബനാഥനായ സൈതലവിക്ക് വിശ്വസിക്കാൻ പോലുമാകുന്നില്ല.
ബോട്ട് അപകടത്തില്‍ അപകടത്തിൽ കുന്നുമ്മൽ ജാബിറിന്റെ ഭാര്യയും (ജൽസിയ) മകനും (ജരീർ), കുന്നുമ്മൽ സിറാജിന്റെ മൂന്നുമക്കളും (നൈറ, റുഷ്ദ, സഹറ) ഭാര്യയും, സൈതലവിയുടെ ഭാര്യ സീനത്തും മക്കളും (ഷംന, ഹസ്ന, സഫ്ന) എന്നിവരാണ് മരിച്ചത്.പത്ത് മാസം മാത്രം പ്രായമുള്ള സിറാജിന്റെ കുഞ്ഞും ഇനിയില്ല.
മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെ നിരവധി മന്ത്രിമാരും സംസ്ഥാന പോലീസ് മേധാവിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആദരാജ്ഞലി അര്‍പ്പിക്കാന്‍ ഇവിടെയെത്തിയിരുന്നു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ ചികിത്സാചിലവ് വഹിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു