താനൂർ: സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെയുള്ള സർവീസ് താനൂരിൽ വരുത്തിവച്ചത് വൻദുരന്തം. സ്ത്രീകളും കുട്ടികളുമടക്കം നാൽപതിലേറെ പേരെ കയറ്റി അഴിമുഖത്തേക്ക് പോയ ടൂറിസ്റ്റ് ബോട്ടാണ് തലകീഴായി മറിഞ്ഞത്.
ഞായറാഴ്ചയായതിനാൽ ഇന്നലെ ബോട്ടിൽ കയറാൻ നിരവധി പേരാണ് എത്തിയിരുന്നത്. ഇരുപതു പേരെ കയറ്റാൻ അനുമതിയുള്ള ബോട്ടിൽ നാൽപതോളം ആളുകൾ കയറിട്ടുണ്ടെന്നാണ് നിഗമനം. താനൂർ സ്വദേശി നാസറിന്റേതാണ് ബോട്ട്. ഇതുപോലെ നാലു ബോട്ടുകൾ പൂരപ്പുഴയിൽ വിനോദ സഞ്ചാരം നടത്തുന്നുണ്ട്.
ഒട്ടുപുറത്തു നിന്നാരംഭിച്ചു മഴവിൽ വളവു തീർത്തു പൂരപ്പുഴ പാലം വരെയെത്തി തിരിച്ചു പോവുകയാണ് പതിവ്. അരമണിക്കൂർ സഞ്ചാരത്തിനു നൂറു രൂപയാണ് ഫീസ് ഈടാക്കുന്നത്. കുട്ടികൾക്കു ഫീസില്ല.
ബോട്ടിൽ കൂടുതൽ ആളുകളെ കയറ്റുന്നത് കണ്ട് യാത്രക്ക് മുന്പ് ചിലർ താക്കീത് നൽകിയിരുന്നു. യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടു പോകുന്നത് ബോട്ട് മറിയാൻ ഇടയാക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന വീഡിയോ ഇന്നലെ അപകടത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വ്യാപിച്ചിട്ടുണ്ട്.
ടൂറിസം വകുപ്പോ, മറ്റ് സർക്കാർ ഏജൻസികളോ അല്ല ഇവിടെ ബോട്ട് സർവീസ് നടത്തുന്നത്. പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി സ്വകാര്യ വ്യക്തികൾക്ക് ബോട്ട് സർവീസിന് അനുമതി നൽകുകയായിരുന്നു. അപകടം നടന്ന ഒട്ടുംപുറം ബീച്ചിൽ അടുത്തകാലത്തായി ആയിരക്കണക്കിന് സഞ്ചാരികളാണ് വാരാന്ത്യങ്ങളിൽ എത്താറുണ്ടായിരുന്നത്.
ടിക്കറ്റ് നൽകി നിയമപ്രകാരമുള്ള യാത്രയല്ല ഇവിടെ നടക്കുന്നത്. യാത്രക്കാരുടെ വിവരങ്ങളൊന്നും ശേഖരിക്കാറില്ല. പണം വാങ്ങി യാത്രക്കാരെ കയറ്റി സർവീസ് ആരംഭിക്കുകയാണ് പതിവ്.
ഞായറാഴ്ചകളിൽ തിരക്കേറുന്പോൾ പരിധിയിൽ കൂടുതൽ ആളുകളെ കയറ്റുന്നതും പതിവാണ്. കഴിഞ്ഞയാഴ്ച ഇതേ സ്ഥലത്ത് അനുവദനീയമായതിനേക്കാൾ കൂടുതൽ ആളുകളെ കയറ്റിയ ബോട്ട് പോലീസ് തടയുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തിരുന്നു.
അപകടത്തിൽപ്പെട്ട 37 പേരുടെ വിവരങ്ങൾ ലഭിച്ചു; 22 മരണം സ്ഥിരീകരിച്ച് മന്ത്രി കെ.രാജൻ
താനൂര്: താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർ ഉൾപ്പെടെ 37 പേരെ തിരിച്ചറിയാൻ സാധിച്ചതായി മന്ത്രി കെ.രാജൻ വ്യക്തമാക്കി. അപകടസ്ഥലം സന്ദർശിച്ച ശേഷം മാന്ദ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. 37 പേരിൽ 22 പേരുടെ മരണം സ്ഥിരീകരിച്ചു.
കളക്ടറുടെ കണക്ക് അനുസരിച്ച് കോഴിക്കോട് ഉൾപ്പെടെ വിവിധ ആശുപത്രികളിലായി പത്ത് പേർ ചികിത്സയിലാണ്. അവരെ തിരിച്ചറിയാൻ സാധിച്ചു.
അഞ്ച് പേർ ബോട്ടിൽ നിന്ന് നീന്തിക്കയറിയതായി സ്ഥിരീകരിച്ചു. അപകടപ്പെട്ടത് സ്വകാര്യബോട്ട് ആയതിനാൽ അപകടത്തില്പെട്ടവരുടെ എണ്ണം രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. ഈ ദുരന്തത്തിൽ കൂടുതൽ ആളുകൾ ഇല്ലാതിരിക്കട്ടെ എന്നും മന്ത്രി വ്യക്തമാക്കി.
സർക്കാരിന്റെ കീഴിലുള്ള ദുരന്ത നിവാരണ സേന അടക്കമുള്ള ഏഴ് ടീമുകൾ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കൂടാതെ, പ്രദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രദേശത്തുണ്ട്.
ഇന്ത്യൻ നേവിയും കോസ്റ്റ് ഗാർഡും രംഗത്തെത്തി. കളക്ടറുടെ നിർദേശ പ്രകാരം 20 പേർ അടങ്ങുന്ന ഒരു ദുരന്ത നിവാരണ സേനയെക്കൂടി അടിയന്തിരമായി എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
പല സ്ഥലങ്ങളിൽ നിന്നും ആളുകൾ ഇവിടെ എത്തിയിട്ടുണ്ടാകാം. അതിനാൽ, ആളുകളെ കാണാനില്ലെന്ന് സംസ്ഥാനം മുഴുവനായി ലഭിക്കുന്ന പരാതികളുമായി ഒത്തുനോക്കുന്നതിനാണ് നിലവിൽ തീരുമാനം.
ഇതുവരെ അത്തരത്തിലുള്ള പരാതികൾ ലഭിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ സർക്കാർ മുൻഗണന നൽകുന്നത്.
തുടർന്ന്, വളരെ ഗൗരവത്തോട് ഈ വിഷയം സർക്കാർ ചർച്ച ചെയ്യും. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികളും സ്വീകരിക്കും. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പ്രദേശവാസികൾക്ക് മന്ത്രി നന്ദി അറിയിച്ചു.
ബോട്ട് ദുരന്തത്തിൽ മരിച്ചവർ
ഓലപ്പീടിക കാട്ടിൽപീടിയേക്കൽ സിദീഖ് (35), മകൾ ഫാത്തിമ മിൻഹ (12), ഫൈസാൻ (മൂന്ന്), പരപ്പനങ്ങാടി സ്വദേശി സൈതലവിയുടെ മക്കളായ സഫ്ന (ഏഴ്), ഹസ്ന (18), പരപ്പനങ്ങാടി ആവിയൽ ബീച്ചിലെ ജൽസിയ ജാബിർ (കുഞ്ഞിമ്മു-40), മകൻ ആവിൽ ബീച്ച് കുന്നുമ്മൽ ജരീർ (12).
പരപ്പനങ്ങാടി കുന്നുമ്മൽ റസീല, പെരിന്തൽമണ്ണ സ്വദേശി അൻഷിദ് (ഒന്പത്), പെരിന്തൽമണ്ണ പട്ടിക്കാട് നവാസിന്റെ മകൻ അഫ്ലഹ്, താനൂർ ഡിവൈഎസ്പിയുടെ ഡാൻസാഫ് അംഗം പരനപ്പാങ്ങാടി ചിറമംഗലം സ്വദേശി സബറുദീൻ (38), പരപ്പനങ്ങാടി പുത്തൻകടപ്പുറം കുന്നുമ്മൽ സൈതലവിയുടെ മക്കളായ ഷംന (17), സഫ്ല ഷെറിൻ, മലപ്പുറം മുണ്ടുപറന്പ് മച്ചിങ്ങൽ നിഹാസിന്റെയും ഫരീദയുടെയും മകൾ ഹാദി ഫാത്തിമ (ആറ്).
പരപ്പനങ്ങാടി പുത്തൻകടപ്പുറം കുന്നുമ്മൽ സിറാജിന്റെ മക്കളായ സഹറ, നെയ്റ, റുഷ്ദ, ചെട്ടിപ്പടി വെട്ടികുട്ടി സൈനുൽ ആബിദിന്റെ ഭാര്യ ആയിഷാബി, മകൻ അർഷൻ, മകൾ ആദില ഷെറി, പരനപ്പങ്ങാടി കുന്നുമ്മൽ സീനത്ത് (38).