തിരൂർ: താനൂർ അഞ്ചുടിയിൽ മുസ്ലീം ലീഗ് പ്രവർത്തകൻ കുപ്പന്റെപുരക്കൽ ഇസ്ഹാഖ് (35) വെട്ടേറ്റു മരിച്ച കേസിൽ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുപ്പൻന്റെ പുരക്കൽ മുഈസ് (25), വെളിച്ചാന്റെ പുരക്കൽ മഷ്ഹൂദ്(24) താഹമോൻ (22), എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ഇന്നു രാവിലൊണ് താനൂർ സിഐ ജസ്റ്റിൻ ഏബ്രഹാമിന്റെ നേതൃത്വത്തിൽ മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. തിരൂർ ഡിവൈഎസ്പി കെ.എ സുരേഷ് കുമാറിന്റെ മേൽനോട്ടത്തിൽ താനൂർ സിഐയാണ് അന്വേഷണം നടത്തുന്നത്. ഇന്നലെയാണ് മൂന്നു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
മൂവരെയും ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ എത്ര പേർ ഉൾപ്പെട്ടിട്ടുണ്ടെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ കേസിൽ അകപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനായി പ്രദേശത്തും മറ്റും വ്യാപകമായ തെരച്ചിൽ നടത്തിവരികയാണ്. പ്രദേശത്തു വൻ പോലീസ് സ്ന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മത്സ്യത്തൊഴിലാളിയായ ഇസ്ഹാഖ് വെട്ടേറ്റു മരിച്ചത്. അഞ്ചുടി മുസ്ലിം യൂത്ത് ലീഗ് മുൻ വൈസ് പ്രസിഡന്റാണ് ഇസ്ഹാഖ്. വ്യാഴാഴ്ച രാത്രിയാണ് വീടിനു സമീപമുള്ള മദ്രസയ്ക്ക് മുന്നിലെ റോഡിൽ വച്ച് ഇസ്്ഹാഖിനു വെട്ടേറ്റത്.
വീട്ടിൽ നിന്ന് 25 മീറ്റർ ദൂരത്തായിരുന്നു സംഭവം. കൃത്യം നിർവഹിച്ച ശേഷം കൊലയാളികൾ ഇടവഴികളിലൂടെ ഓടിമറയുകയായിരുന്നു. സംഭവസമയം ശക്തമായ കാറ്റും മഴയും കാരണം വൈദ്യുതി ഉണ്ടായിരുന്നില്ല. നിലവിളി കേട്ടു ഓടിയെത്തിയ നാട്ടുകാർ ഇസ്ഹാഖിനെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. താനൂരിന്റെ തീരമേഖലകൾ സിപിഎം-ലീഗ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ്.
ഇതിനെത്തുടർന്നു ഒത്തുതീർപ്പു ചർച്ചകൾ നടന്നിരുന്നു. പിന്നീടാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. ഇപ്പോഴത്തെ അനിഷ്ട സംഭവത്തെത്തുടർന്നു സ്ഥലത്ത് മലപ്പുറം, പാലക്കാട്, ജില്ലകളിലെ പോലീസ്, ആർഎഎഫ്, എംഎസ്പി പോലീസ് വിഭാഗങ്ങൾ ക്യാന്പു ചെയ്യുന്നുണ്ട്. തീരദേശം സമാധാനത്തിലേക്ക് നീങ്ങുന്ന അവസരത്തിൽ കൊലപാതകം നടക്കാനുണ്ടായ കാരണം അന്വേഷിക്കുമെന്നും കൊലപാതകികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീം പറഞ്ഞു. ഫോറൻസിക് വിഭാഗം സംഭവസ്ഥലത്ത് പരിശോധന നടത്തി.
ഇസ്ഹാഖിന്റെ മൃതദേഹം തിരൂർ ഗവണ്മെന്റ് ആശുപത്രിയിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകീട്ട് നാലിനു വിലാപ യാത്രയായി അഞ്ചുടിയിലെത്തിച്ചു. 5.30ന് അഞ്ചുടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി.