മലപ്പുറം: താനൂർ ഒട്ടുംപുറം കടപ്പുറത്ത് 96 കോടി രൂപ വിനിയോഗിച്ചുള്ള ഹാർബർ നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു. 55.83 കോടി രൂപ ചെലവിൽ പുലിമുട്ട് നിർമാണവും അനുബന്ധ പ്രവൃത്തികളും നടക്കുന്നതിനിടെ നബാർഡിൽ നിന്നു 14.87 കോടി രൂപ ലഭ്യമായതോടെ പുലിമുട്ട് വിപുലീകരണ പ്രവൃത്തിയും ഉടൻ തുടങ്ങും.
ബോട്ട് ജെട്ടിയുടെ പൈലിംഗ് പൂർത്തിയായതോടെ ലേലപുരയ്ക്കായുള്ള 32 പൈലുകളുടെ പ്രവൃത്തിയും ഉടൻ ആരംഭിക്കും. ഒട്ടുംപുറത്ത് തെക്ക് ഭാഗത്തേക്കുള്ള പുലിമുട്ട് 1050 മീറ്ററിൽ നിന്നു 300 മീറ്റർ കൂടി ദീർഘിപ്പിക്കാനാണ് തീരുമാനം.
അതേസമയം വടക്ക് ഭാഗത്തേക്കുള്ള 840 മീറ്റർ ദൈർഘ്യം 740 ആയി കുറയും. ഇതിനു ശേഷമാകും ഹാർബർ നിർമാണ പ്രവൃത്തി തുടങ്ങുകയെന്നു ഹാർബർ എൻജിനീയറിംഗ് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.കെ മുഹമ്മദ് കോയ പറഞ്ഞു.
പുലിമുട്ട് പൂർത്തീകരിക്കും മുന്പു ബോട്ട് ജെട്ടി നിർമിക്കാൻ പാടില്ലെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ രംഗത്തുവന്നിരുന്നു. വി.അബ്ദുറഹ്മാൻ എം.എൽ.എ മുൻ കയ്യെടുത്ത് മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളുമായി ഒന്നിലേറെ തവണ സമവായ ചർച്ച നടത്തുകയും മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കുകയുമായിരുന്നു.
2020 ഡിസംബറോടെ താനൂരിൽ ഹാർബർ യാഥാർഥ്യമാക്കാനാകുമെന്നു വി.അബ്ദുറഹ്മാൻ എം.എൽ.എ പറഞ്ഞു. അപ്രോച്ച് റോഡ്, ആഭ്യന്തര റോഡുകൾ, ജലവിതരണ സംവിധാനങ്ങൾ, ടോയ്ലറ്റ് ബ്ലോക്ക്, ലോക്കർ റൂം, ഇലക്ട്രിക്കൽ സംവിധാനങ്ങൾ എന്നിവ പത്ത് എക്കറോളം വിസ്തൃതിയിലുള്ള ഹാർബറിലുണ്ടാകും. പൊന്നാനി മുതൽ ചാലിയം വരെയുള്ള മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് താനൂരിലെ ഹാർബർ പ്രയോജനപ്പെടും.